മഹാത്മാഗാന്ധി ശിവഗിരി സന്ദർശിച്ച്, ഒരു ദിവസം അവിടെ കഴിഞ്ഞു. ഒരു നൂറ്റാണ്ടു മുമ്പ് ഗുരുവുമായി ഗാന്ധിജി നടത്തിയ സംഭാഷണമാണ് അയിത്തോച്ചാടനവും ഹരിജനോദ്ധാരണവും കോൺഗ്രസിന്റെ നയപരിപാടിയായി അംഗീകരിക്കാൻ മഹാത്മാഗാന്ധിയെ പ്രേരിപ്പിച്ചത്. ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ മതഘടനയുടെ നിരർത്ഥകത, ശിവഗിരിയിൽ നിന്നിരുന്ന പല മാവുകളുടെ ഇലകളിലെ രസം ഒന്നാണെന്ന് ബോദ്ധ്യപ്പെടുത്തി, മനുഷ്യർ ഒന്നാണ് എന്ന് ശാസ്ത്രീയമായി കാണിച്ച് ഗുരു സമർത്ഥിച്ചു. അത് ഗാന്ധിജിക്ക് സമ്മതമായി.
സമൂഹത്തിന്റെ മുൻനിരയിൽ നിന്നിരുന്ന കുറേപ്പേർക്കു മാത്രം മനസിലാകുന്ന ഒന്നായിരുന്നു അക്കാലത്ത് സ്വാതന്ത്ര്യസമരം. അതോടുകൂടിയാണ് അവശജനോദ്ധാരണം ഗാന്ധിജി നയപരിപാടിയാക്കിയതും, ഇന്ത്യൻ സ്വാതന്ത്ര്യസമരം ആസേതുഹിമാചലം ജനകീയ സമരമായി മാറിയതും. ഭാരതീയർ എന്ന ഒരു വികാരം ഭാരതജനതയ്ക്കാകെ ഉണ്ടായി. അത് താഴേക്കിടയിലുള്ള ജനങ്ങളിലേക്ക് പകർന്നപ്പോൾ ഭാരതത്തിന്റെ സ്വാതന്ത്ര്യം എല്ലാ ജനങ്ങളിലുമെത്തി.
പ്രമേയങ്ങളിലും മീറ്റിംഗുകളിലും മറ്റും ഒതുങ്ങിനിന്നിരുന്ന സ്വാതന്ത്ര്യസമരം എല്ലാ ജനങ്ങളുടെയും അവകാശമായി അവർ ഉൾക്കൊണ്ടതോടെയാണ് സ്വാതന്ത്ര്യസമരം ഒരു ജ്വാലയായി, ആവേശമായി മാറിയത്. മദ്യവർജ്ജനം, സ്വദേശി പ്രസ്ഥാനം, സ്വാതന്ത്ര്യസമരം എന്നിവ ഏറ്റെടുക്കാൻ ശ്രീനാരായണ ധർമ്മ ഭടന്മാർ മുന്നോട്ടു വന്നതും ചരിത്രമാണ്. ഈ ആശയം ഡൽഹിയിൽ ചേർന്ന സമ്മേളനത്തിൽ ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠന്മാർ വേണ്ട വിധത്തിൽ പരസ്യപ്പെടുത്തിയെങ്കിൽ തമസിലേക്കു പോകുന്ന പഴയകാല സ്മരണകളിൽ പെട്ടുപോകാതെ സജീവമായി നിലനിൽക്കുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |