കൊണ്ടോട്ടി: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് കിണാശ്ശേരി സ്വദേശിയായ യുവാവിനെ കൊണ്ടോട്ടി പുളിക്കലിൽ നിന്നും തട്ടിക്കൊണ്ടു പോയതിന് പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് കൊണ്ടോട്ടി പൊലീസ് പറഞ്ഞു. മൊറയൂർ കുടുംബിക്കൽ സ്വദേശി ചെരലക്കൽ വീട്ടിൽ നബീൽ (30), വള്ളുവമ്പ്രം സ്വദേശി മഞ്ചേരിതൊടി വീട്ടിൽ ഇർഫാൻ ഹബീബ് (35) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. മർദ്ദിച്ച് അവശനാക്കിയ യുവാവിനെ തൃപ്പനച്ചിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് പൊലീസിന്റെ ഇടപെടലിലൂടെ രക്ഷിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് കാറിലെത്തിയ സംഘം പുളിക്കലിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോകുന്നത്. ഇതുകണ്ട വഴിയാത്രക്കാരൻ പഞ്ചായത്ത് മെമ്പറെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് യുവാവ് സഞ്ചരിച്ച ബൈക്കിന്റെ രജിസ്‌ട്രേഷൻ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ കോഴിക്കോട് കിനാശ്ശേരി സ്വദേശി മുഹമ്മദ് ശാലുവിനെയാണ് തട്ടിക്കൊണ്ടു പോയതെന്ന് കണ്ടെത്തി. തുടർന്ന് കാർ പോയ ആലുങ്കൽ വലിയപറമ്പ് പുളിക്കൽ ഭാഗത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വെളുത്ത സിഫ്റ്റ് കാർ ആണ് തട്ടിക്കൊണ്ടു പോകലിന് ഉപയോഗിച്ചതെന്ന് കണ്ടെത്തി. രജിസ്‌ട്രേഷൻ ഡീറ്റെയിൽസ് എടുക്കാൻ നോക്കിയെങ്കിലും വിവരങ്ങൾ വ്യക്തമായില്ല. ഇത്തരത്തിലുള്ള നൂറോളം കാറുകളുടെ നമ്പറുകൾ മാറിമാറി പരിശോധിച്ചതിൽ നിന്നും ഏകദേശം വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായി. കാറിന്റെ ഉടമയുമായി ബന്ധപ്പെട്ട് വാഹനം കൊണ്ടുപോയ ആളുകളെ കുറിച്ച് അന്വേഷിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. വാഹനത്തിൽ ജി.പി.എസ് ഘടിപ്പിച്ചിരുന്നതിനാൽ അതുവഴി മഞ്ചേരി തൃപ്പനച്ചിയിൽ വാഹനം 8. 15 മുതൽ 8. 30 വരെ നിറുത്തിയിട്ടിരുന്നതായി കണ്ടെത്തി. തുടർന്നുള്ള പരിശോധനയാണ് ആളൊഴിഞ്ഞ കെട്ടിടത്തിൽ കൈയും കാലും ബന്ധിച്ച് വായ മൂടിക്കെട്ടിയ നിലയിൽ ക്രൂര മർദ്ദനത്തിന് ഇരയായ യുവാവിനെ കണ്ടെത്തിയത്. ഉടൻതന്നെ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തുടർന്ന് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കൊണ്ടു പോയ ആളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. സ്വർണ കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്ന് മൊഴി ലഭിച്ചു. തുടർന്ന് രണ്ടാം പ്രതിയേയും കസ്റ്റഡിയിലെടുത്തു. വള്ളുവമ്പ്രം സ്വദേശിയായ മൻസൂർ അലിയാണ് ഇവർക്ക് പിന്നിലെന്ന് മൊഴി ലഭിച്ചു. കൃത്യത്തിൽ പങ്കെടുത്ത മറ്റുമൂന്നു പേർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടർ പി.എം. ഷെമീർ, എസ്.ഐ വി.ജിഷിൽ, എം.അമർനാഥ്,
ഋഷികേശ്, പത്മരാജൻ, സുബ്രഹ്മണ്യൻ, രതീഷ് തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |