കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ ചൂരണിമലയിൽ കാട്ടാനക്കുട്ടിയുടെ വികൃതിയിൽ പൊറുതിമുട്ടി പ്രദേശവാസികൾ. കൃഷി നശിപ്പിച്ചും വീട്ടുകാരെയും വഴി യാത്രക്കാരെയും വിരട്ടിയും പ്രദേശത്തുനിന്ന് പോവാതെ ചുറ്റിത്തിരിയുകയാണ് ഈ മൂന്ന് വയസുകാരൻ. പ്രദേശത്ത് ഒറ്റയായും കൂട്ടമായും എത്തുന്ന കാട്ടാനകൾ അധികനേരം തിരിഞ്ഞുകളിക്കാതെ കാട്ടിലേക്ക് മടങ്ങുമെങ്കിലും ഏതാനും ദിവസം മുമ്പെത്തിയ ഈ കുട്ടിക്കുറുമ്പൻ നാടിനെ വിറപ്പിച്ച് നിൽക്കുകയാണ്. കാട്ടാനക്കുട്ടിയെ എത്രയും വേഗം സുരക്ഷിതമായി കാട്ടിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം ആനക്കുട്ടി കാട്ടാനക്കൂട്ടത്തോടൊപ്പം ചേർന്നെന്നും പ്രദേശത്ത് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം. കാട്ടാന കുട്ടിയെ വനത്തിലേക്ക് മാറ്റണമെന്ന് സി.പി.എം ചാത്തൻകോട്ട് നട ലോക്കൽ കമ്മിറ്റിയും ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക മാറ്റാൻ ബന്ധപെട്ടവർ ഉടൻ ഇടപെടുന്നില്ലെങ്കിൽ നാട്ടുകാരെ അണിനിരത്തി സമരം ചെയ്യേണ്ടിവരുമെന്ന് ലോക്കൽ സെക്രട്ടറി എ.ആർ വിജയൻ പറഞ്ഞു. മലയോരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബന്ധപെട്ട അധികാരികൾ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് കോൺഗ്രസ് കാവിലുംപാറ മണ്ഡലം പ്രസിഡന്റ് പി.ജി സത്യനാഥ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |