ചിറ്റൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയോട് അവഗണനയെന്ന ആക്ഷേപം ശക്തമാകുന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തിക്കുന്ന കെട്ടിടം കാലപ്പഴക്കംമൂലം തകർച്ച നേരിടുകയാണ്. 50 വർഷം മുൻപ് ഡിപ്പോ തുടങ്ങിയപ്പോൾ നിർമ്മിച്ച കെട്ടിടമാണിത്. ഈ കാലയളവിൽ അറ്റകുറ്റപ്പണികൾ ഒന്നും നടത്തിയിട്ടില്ല. നിലവിൽ കെട്ടിടം ചോർന്നൊലിക്കുകയാണ്. ഭിത്തികൾ കുതിർന്ന അവസ്ഥയിലും. ഇവിടത്തെ ജീവനക്കാർ ജീവഭയത്തിലാണ് ജോലിയെടുക്കുന്നത്. ഡിപ്പോയിൽ 43 ബസുകൾ സർവീസ് നടത്തിയിരുന്നത് നിലവിൽ 31 ആയി ചുരുങ്ങി. പുതിയ ബസുകൾ ഒന്നും അനുവദിച്ചിട്ടുമില്ല. മറ്റുസംസ്ഥാനങ്ങളിലേക്കും ദീർഘദൂരങ്ങളിലേക്കും പഴയ ബസുകളാണ് ഇപ്പോഴും ഓടുന്നത്. ബസുകളുടെ കാലപ്പഴക്കവും ജീവനക്കാരുടെ കുറവും മൂലം പലസ്ഥലങ്ങളിലേക്കുമുള്ള സർവീസുകൾ നിറുത്തേണ്ടി വന്നിട്ടുണ്ട്. നേരത്തെ കളക്ഷനിൽ അവാർഡ് കിട്ടിയ ഡിപ്പോയ്ക്കാണ് ഈ ദുരവസ്ഥ. കൂടുതൽ പുതിയ ബസുകൾ കിട്ടിയാൽ വരുമാനത്തിൽ വർദ്ധന ഉണ്ടാകുമെന്ന് ജീവനക്കാർ പറയുന്നു. ജോലിക്ക് വരുന്നവർക്ക് വിശ്രമിക്കാനും നിലവിൽ ഇടമില്ല. ഇവിടത്തെ വരാന്തയാണ് ആകെ ആശ്രയം. വർക്ക്‌ഷോപ്പും പഴയതുതന്നെ. ബസ് നിറുത്തിയിട്ട് പണിയാൻ മൂന്ന് ഷെഡ്ഡുകളേയുള്ളൂ. മഴയും വെയിലും കൊണ്ട് യാർഡിൽ നിറുത്തിയാണ് പണി ചെയ്യുന്നത്. ഡിപ്പോയിലേക്കുള്ള റോഡിന്റെ അവസ്ഥയും വ്യത്യസ്തമല്ല. പുഴപ്പാലം മുതൽ ഡിപ്പോ വരെയുള്ള റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഡിപ്പോയിൽ നിന്ന് യാർഡിലേക്കുള്ള വഴിയും ചെളിക്കുളമാണ്. ബസ് യാർഡിൽ എത്തിക്കാൻ പെടാപ്പാട് പെടുന്നതായി ജീവനക്കർ പറയുന്നു. ബസിൽ കയറാൻ വരുന്ന യാത്രക്കാർക്ക് ഡിപ്പോയ്ക്ക് അകത്തേക്ക് പ്രവേശിക്കാൻ സാധിക്കാതെ പുറത്തുനിൽക്കേണ്ടി വരുന്ന സഹാചര്യവുമുണ്ട്. ഒൻപതോളം സർവീസുകളാണ് തമിഴ്നാടിന്റെ ചേരൻ ട്രാൻസ്‌പോർട്ടിനുള്ളത്. അവരുടെ പഴയ ബസുകൾ മാറ്റി. ചിറ്റൂർ ഡിപ്പോയെ കോർപറേഷൻ അവഗണികയാണെന്ന് യാത്രക്കാരും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |