തിരുവനന്തപുരം:ബഹിരാകാശത്തുനിന്ന് തിരിച്ചെത്തിയ ശുഭാംശു ഇന്ത്യയിൽ എത്താൻ കാത്തിരിക്കണം.ഏഴ് ദിവസത്തെ പുനരധിവാസ പരിശീലനം കഴിഞ്ഞ് ആരോഗ്യപരിശോധനയ്ക്കും വിധേയനാവണം. തൃപ്തികരമെന്ന് ബോധ്യമായശേഷമേ ഇന്ത്യയിലേക്കുള്ള യാത്ര തീരുമാനിക്കൂ. യു.എസ്.എയിൽ ഹൂസ്റ്റണിലെ ജോൺസൺ സ്പെയ്സ് സെന്ററിനോട് ചേർന്നുള്ള കേന്ദ്രത്തിലാണ് പരിശീലനം.
ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്ത് നിന്ന് വരുന്നതിനാൽ ഭൂമിയിലെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ സമയമെടുക്കും.ഇതിനാണ് ഏഴു ദിവസത്തെ പുനരധിവാസ പരിശീലനം. വ്യായാമവും സമ്മർദ്ദം കുറയ്ക്കാനുള്ള സംവിധാനങ്ങളും ഒരുക്കും.പേശികൾക്ക് ശക്തിവരാൻ വ്യായാമവും തെറാപ്പിയും മാനസിക പിന്തുണയും ഉൾപ്പെടെ അനിവാര്യമാണ്.
മൈക്രോഗ്രാവിറ്റിയിൽ നിന്ന് ഭൂമിയുടെ ഗുരുത്വാകർഷണത്തിലേക്ക് ഇവരുടെ ദൈനംദിന ജീവിതത്തെ പുനഃക്രമീകരിക്കുന്ന പദ്ധതിയാണിത്. എല്ലാ യാത്രികരും ഈ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് വീടുകളിലേക്ക് മടങ്ങുക.
ബഹിരാകാശ നിലയത്തിൽ മാസങ്ങളോളം തങ്ങേണ്ടിവന്ന സുനിത വില്യംസും ബുച്ച് വിൽമോറും ഒന്നരമാസം നീണ്ടുനിന്ന പുനരധിവാസ പരിപാടിക്ക് വിധേയരായിരുന്നു.
കാഴ്ചക്കുറവ്, തലകറക്കം, നടക്കാൻ ബുദ്ധിമുട്ട്, മാനസിക പിരിമുറുക്കം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നവരുണ്ട്. അസ്ഥികളുടെ സാന്ദ്രത കുറയാനും പേശികൾ ക്ഷയിക്കാനുമുള്ള സാധ്യതയും കൂടുതലാണ്. ഇത് കാരണം എല്ലുകൾ എളുപ്പത്തിൽ ഒടിയാനും സാധ്യതയുണ്ട്. നടക്കുമ്പോൾ പ്രയാസം നേരിട്ടേക്കാം. അസ്ഥികൾ സാധാരണ നിലയിലാവാൻ സമയമെടുത്തേക്കാം.
മൈക്രോഗ്രാവിറ്റിയിൽ കഴിഞ്ഞതിനാൽ ഭാരമെടുക്കുന്നതിനും പ്രയാസം അനുഭവപ്പെടും. ചെറിയ ഭാരമെടുക്കുന്നത് പോലും ബുദ്ധിമുട്ടായി തോന്നിയേക്കാം. ഹൃദയാരോഗ്യ പ്രശ്നങ്ങൾ, രോഗപ്രതിരോധശേഷി കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.
ബഹിരാകാശത്ത് അടച്ചിട്ട മുറികളിലും സമ്മർദ്ദകരമായ സാഹചര്യങ്ങളിലും ചെലവഴിക്കേണ്ടി വരുന്നത് വിഷാദം, ഉത്കണ്ഠ മുതലായവയ്ക്ക് കാരണമാകാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |