കോട്ടയം: ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നതിന് ഗൂഗിൾ പേ വഴി 3000 രൂപ കൈക്കൂലി വാങ്ങിയ മുൻസിപ്പാലിറ്റി ഓവർസിയർ വിജിലൻസ് പിടിയിൽ. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ ഗ്രേഡ് തേർഡ് ഓവർസിയറും തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുമായ ജയേഷിനെയാണ് വിജിലൻസ് പിടികൂടിയത്. കോട്ടയം മീനച്ചിൽ സ്വദേശിയായ പരാതിക്കാരൻ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിൽ പുതിയതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുന്നതിനായി ഏപ്രിൽ 9ന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചിരുന്നു. പെർമിറ്റിനുള്ള അപേക്ഷയിന്മേൽ നടപടി സ്വീകരിക്കേണ്ട ജയേഷ് സ്ഥലപരിശോധന നടത്തി. ശേഷം പെർമിറ്റ് അനുവദിക്കുന്നതിന് സർക്കാർ ഫീസിന് പുറമേ 5000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു.
കൈക്കൂലി നൽകാത്തതിനാൽ പരാതിക്കാരന്റെ അപേക്ഷ പലകാരണങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചയച്ചു.തുടർന്ന് പരാതിക്കാരൻ തിരുത്തിയ അപേക്ഷ വീണ്ടും സമർപ്പിച്ചു.ഇക്കഴിഞ്ഞ 5ന് മുനിസിപ്പാലിറ്റി ഓഫീസിലെത്തി പരാതിക്കാരൻ പെർമിറ്റിനുള്ള ഫീസടച്ചു. പരാതിക്കാരനെ ജയേഷ് നേരിൽ കാണുകയും പെർമിറ്റ് സംബന്ധമായ രേഖകൾ വാട്ട്‌സാപ്പിൽ അയച്ച് കൊടുത്തശേഷം വീണ്ടും കൈക്കൂലി ആവശ്യപ്പെടുകയും ഫോണിൽ വിളിക്കാനും പറഞ്ഞു. ഫോണിൽ വിളിച്ചപ്പോൾ ജയേഷ് തന്റെ സുഹൃത്തും ഇടനിലക്കാരനുമായ ദിലീപിന്റെ ഫോൺ നമ്പർ വാട്ട്‌സാപ്പിൽ അയച്ച് നൽകുകയും 3000 രൂപ ഗൂഗിൾപേ വഴി അയക്കുന്നതിനായി ആവശ്യപ്പെടുകയുമായിരുന്നു. പരാതിക്കാരൻ വിവരം കോട്ടയം വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. വിജിലൻസ് സംഘം നിരീക്ഷിച്ചുവരവേ ഇന്നലെ വൈകിട്ട് നാലോടെ, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഓഫീസിലെത്തിയ പരാതിക്കാരൻ ജയേഷിന്റെ നിർദ്ദേശപ്രകാരം കൈക്കൂലിയായി 3000 രൂപ ഗൂഗിൾ ചെയ്യവേ ഓഫീസിനുള്ളിൽ നിന്ന് ജയേഷിനെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |