വെഞ്ഞാറമൂട്: വാമനപുരത്തുകാരുടെ ഭീതിയൊഴിഞ്ഞു. വനംവകുപ്പിനെ വട്ടംചുറ്റിച്ച കാട്ടുപോത്ത് ഒടുവിൽ കാടുകയറി. കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കാട്ടുപോത്തിനെയാണ് വനംവകുപ്പ് അധികൃതർ തിരികെ കാട്ടിലേക്ക് കയറ്റിവിട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വാമനപുരം പഞ്ചായത്തിലെ കുന്നത്തോട് മേഖലയിലാണ് ടാപ്പിംഗ് തൊഴിലാളികളും നാട്ടുകാരും കാട്ടുപോത്തിനെ കണ്ടത്.
സംഭവമറിഞ്ഞ് വനപാലകരും പൊലീസും സ്ഥലത്തെത്തി, ഏറെനേരം പരിശ്രമിച്ചിട്ടും കാട്ടുപോത്തിനെ തിരികെ കാട്ടിൽ കയറ്റാൻ കഴിഞ്ഞില്ല.ഇതിനിടെ കാട്ടുപോത്ത് ഇടയ്ക്ക് അപ്രത്യക്ഷമായി. പിന്നീട് വട്ടപ്പാറ കോളനി മേഖലയിലൂടെ മിതൃമ്മല ഭാഗത്തേക്ക് കടന്നെന്ന് കണ്ടത്തിയെങ്കിലും,രാത്രി വൈകിയതിനാൽ തെരച്ചിൽ അവസാനിപ്പിച്ചു.
ഇന്നലെ രാവിലെ വീണ്ടും ആരംഭിച്ച തെരച്ചിലിൽ,കല്ലറ പഞ്ചായത്തിലെ തെങ്ങുംകോട് മേഖലയിൽ വനംവകുപ്പ് അധികൃതർ കാട്ടുപോത്തിനെ കണ്ടെത്തി. തുടർന്ന് ഇതിനെ ജനവാസമേഖലയല്ലാത്ത ഭാഗത്തുകൂടി ചെറുവാളം പ്രദേശത്തേക്ക് ഓടിച്ചുവിട്ടു. പിന്നീട് ഉച്ചയ്ക്ക് 1ഓടെ ചെറുവാളം മേഖലയിലെ വനംവകുപ്പ് അധീനതയിലുള്ള പ്ലാന്റേഷനിലേക്ക് കടത്തിവിട്ടുവെന്ന് പാലോട് വനംവകുപ്പ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |