വെഞ്ഞാറമൂട്: വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കുമുണ്ടായ വില വർദ്ധനയ്ക്കു പിന്നാലെ മറ്റ് സാധനങ്ങൾക്കും വില വർദ്ധിച്ചു. വെളിച്ചെണ്ണയ്ക്ക് പകരമായി സൺ ഫ്ളവർ ഓയിലിന്റെയും പാമോയിലിന്റെയും ഉപയോഗം വർദ്ധിച്ചതോടെ അവയ്ക്കും വിലയേറി. ഉച്ചഭക്ഷണത്തിന് പത്ത് മുതൽ ഇരുപത് രൂപ വരെ വർദ്ധിച്ചു.
നാട്ടിലെ തേങ്ങ ക്ഷാമം കാരണം വില കിലോയ്ക്ക് നൂറ് രൂപയിലെത്തി. ആറ് മാസത്തിനുള്ളിൽ വെളിച്ചെണ്ണയുടെ വില ഇരുന്നൂറ് രൂപയിലേറെയാണ് വർദ്ധിച്ചത്.തേങ്ങയ്ക്ക് നാൽപ്പത് രൂപയോളം കൂടി. വെളിച്ചെണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന ബേക്കറി ഉത്പന്നങ്ങളുടെ വിലയും പൊള്ളുകയാണ്.മുറുക്കിനും പക്കാവടയ്ക്കും കപ്പ വറുത്തതിനുമൊക്കെ ഇരുപത് രൂപയിലധികമാണ് വിലയേറിയത്.
വില വർദ്ധനയിൽ ജനം നട്ടംതിരിയുമ്പോൾ വിലക്കുറവിൽ വ്യാജസാധനങ്ങളും വിപണിയിലിറങ്ങിയിട്ടുണ്ട്.
സദ്യയ്ക്ക് വിലയേറും
ഇക്കണക്കിന് പോയാൽ ഓണസദ്യയ്ക്കും വിലയേറും.സാധാണ സദ്യയ്ക്ക് നിലവിൽ 200രൂപയാണ്. 25രൂപയെങ്കിലും കൂട്ടിയാൽ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാനാകൂവെന്ന് കാറ്ററിംഗ് മേഖലയിലുള്ളവർ പറയുന്നു.ഓണസദ്യയ്ക്ക് കഴിഞ്ഞ വർഷം 180 - 200 രൂപയായിരുന്നു.
വെളിച്ചെണ്ണ വില ഉയർന്നതിനാൽ മിച്ചർ,പക്കാവട തുടങ്ങിയ സ്‌നാക്‌സ് ഇനങ്ങളുടെ വിലയും വർദ്ധിച്ചു.ചില കമ്പനികൾ നിലവിൽ 90 രൂപയുണ്ടായിരുന്ന മിച്ചറിന് ഇപ്പോൾ 110 രൂപയാണ് ഈടാക്കുന്നത്.വൈകിട്ടത്തെ ചായയോടൊപ്പമുള്ള ലഘുഭക്ഷണം പലരും ഒഴിവാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |