കളമശേരി: ഫാക്ടിൽ നിന്ന് വിരമിച്ച് എട്ട് വർഷം കഴിഞ്ഞിട്ടും മഞ്ഞുമ്മൽ പത്തേലക്കാട് കോച്ചേരി വീട്ടിൽ കെ.സി. റാഫേലിന് വിശ്രമമില്ല. അറുപത്താറുകാരനായ ഇദ്ദേഹം പുലർച്ചെതന്നെ പണിയായുധങ്ങളുമായി പറമ്പിലേക്കിറങ്ങും. കൃഷിയാണ് റാഫേലിന്റെ പ്രധാന ലഹരി. ഫാക്ടിലെ പ്രമുഖ യൂണിയനായിരുന്ന ഫാക്ട് എംപ്ലോയീസ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി.) ജനറൽ സെക്രട്ടറിയായിരുന്ന ഇദ്ദേഹം, കൃഷി തലയ്ക്ക് പിടിച്ചതോടെ രാഷ്ട്രീയ പ്രവർത്തനത്തോട് വിട പറയുകയായിരുന്നു.
വീടിനോട് ചേർന്നുള്ള അമ്പത് സെന്റിലും വീടിന് മുന്നിൽ റോഡരികിലായി 200 മീറ്റർ നീളത്തിലും റാഫേൽ കൃഷി ചെയ്യുന്നുണ്ട്. വാഴ, കപ്പ, കാന്താരി മുളക്, വഴുതിന, വെണ്ടയ്ക്ക, പയർ, തക്കാളി, പടവലം, പാവയ്ക്ക തുടങ്ങിയവയാണ് പ്രധാന കൃഷികൾ. 20 അംഗങ്ങൾ ചേർന്ന് സൊസൈറ്റി രജിസ്റ്റർ ചെയ്ത് ഭൂമി പാട്ടത്തിനെടുത്ത് നടത്തുന്ന ഗ്രൂപ്പ് കൃഷി വേറെയുമുണ്ട്.
ഫാർമേഴ്‌സ് യൂണിറ്റി ഒഫ് ഏലൂർ എന്ന പേരിലുള്ള കൂട്ടായ്മയുടെ നേതൃത്വത്തിൽ 25 ഏക്കർ പാടത്ത് നെൽകൃഷിക്ക് ഒരുക്കം തുടങ്ങിക്കഴിഞ്ഞു. മന്ത്രി പി. രാജീവിന്റെ 'കൃഷിക്കൊപ്പം കളമശേരി' പരിപാടിയിൽ വെച്ച് റാഫേലിനെ ആദരിച്ചിരുന്നു.
കൃഷി വിളവെടുപ്പ് കഴിഞ്ഞാൽ നവമാദ്ധ്യമങ്ങളിലൂടെ അറിയിക്കും. ആവശ്യക്കാർ വീട്ടിലെത്തി ഉത്പന്നങ്ങൾ വാങ്ങുന്നുണ്ട്. ഇതിലൂടെ നല്ല വരുമാനവും ലഭിക്കുന്നു. കൃഷിക്ക് പൂർണമായും ജൈവവളമാണ് റാഫേൽ ഉപയോഗിക്കുന്നത്. ഭാര്യ ആനിയും മക്കൾ റെനിലും റെനിയും പിന്തുണയുമായി കൂടെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |