തിരുവനന്തപുരം: കല്ലമ്പലം എം.ഡി.എം.എ കേസിൽ പിടിയിലായ സഞ്ജുവെന്ന ഡോൺ സൈജുവിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വർക്കല ഡിവൈ.എസ്.പി ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
യുവനടന്മാരുമായി സഞ്ജുവിന് അടുത്ത ബന്ധമാണെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണത്തിൽ പൊലീസിന് ലഭിച്ചു. ഇവരിൽ പലരുമായും ഇടപാടുകൾ നടത്തിയിരുന്നതായാണ് പൊലീസിന്റെ നിഗമനം. വർക്കലയിൽ അടുത്തിടെ ചിത്രീകരണത്തിനെത്തിയ നടൻ സഞ്ജുവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഫോൺ പരിശോധിച്ചതിൽ നിന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചെന്നാണ് സൂചന.
കല്ലമ്പലത്ത് പിടികൂടിയത് ക്രിസ്റ്റൽ ക്ലിയർ അഥവാ ഏറ്റവും ശുദ്ധമായ എം.ഡി.എം.എയാണ്. ഇത്രയും വിലകൂടിയ ലഹരിയെത്തിക്കുന്നത് വി.ഐ.പി കസ്റ്റമേഴ്സിന് വേണ്ടിയാണെന്നാണ് നിഗമനം. വൻതോതിൽ രാസലഹരി വിദേശത്തു നിന്ന് ലഭിക്കുന്ന സഞ്ജുവിന്റെ ലഹരി മാഫിയാബന്ധവും വലുതാണ്. പൊലീസിനോ എക്സൈസിനോ അതിലേക്ക് എത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
കോടികളുടെ കച്ചവടം
ഒരു വർഷത്തിനിടെ സഞ്ജു കോടികളുടെ രാസലഹരി കടത്തിയെന്നാണ് വിവരം. വർക്കലയിൽ ജനിച്ചുവളർന്ന സഞ്ജുവിന് ടൂറിസം മേഖലയുമായും നല്ല അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. ചെറുപ്പകാലത്തുതന്നെ ക്രിമിനൽ കേസുകളിൽ സഞ്ജു ഉൾപ്പെട്ടിരുന്നു. 2022ൽ എം.ഡി.എം.എയുമായി പിടിയിലായതോടെയാണ് രാസലഹരി വില്പനയിൽ സഞ്ജുവിന്റെ പേര് പുറത്തുവന്നത്. പിന്നീടായിരുന്നു ഇയാളുടെ വളർച്ച. ജൂലായ് 10നാണ് കല്ലമ്പലത്തുവച്ച് പൊലീസ് നാലുകോടി രൂപ വിലവരുന്ന, ഒന്നേകാൽ കിലോ എം.ഡി.എം.എ പിടികൂടിയത്. സഞ്ജുവിന് പുറമെ വലിയവിള സ്വദേശി നന്ദു,ഉണ്ണിക്കണ്ണൻ,പ്രവീൺ എന്നിവരും അറസ്റ്റിലായിരുന്നു. ഈന്തപ്പഴം നിറച്ച പെട്ടിയിൽ ഒളിപ്പിച്ച് ഒമാനിൽ നിന്ന് വിമാനത്തിലാണ് ലഹരി കടത്തിക്കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |