കൊല്ലം: അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കഴിഞ്ഞ എസ്.എഫ്.ഐ നേതാവിനുവേണ്ടി കോടതിയിൽ കത്തിക്കയറിയ പബ്ളിക് പ്രോസിക്യൂട്ടറായിരുന്നു സി.വി.പത്മരാജനെന്ന കോൺഗ്രസുകാരൻ. എസ്.എഫ്.ഐയുടെ സംസ്ഥാന നേതാക്കളിൽ തിളയ്ക്കുന്ന യൗവനമായിരുന്നു കെ.എസ്.രാജീവ്. കൊല്ലം എസ്.എൻ കോളേജിൽ നിന്ന് ബിരുദ പഠനം കഴിഞ്ഞ രാജീവിന് എം.എയ്ക്ക് ചേരാൻ അറിയിപ്പ് കിട്ടിയ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അടിയന്തരാവസ്ഥയുടെ കഠിന കാലം. രാജ്യദ്രോഹ കുറ്റം ചുമത്തി ആ ഇരുപതുകാരനെ ജയിലിലടച്ചു. എം.എ പൊളിറ്റിക്സിന് അന്ന് ഇരുപത് സീറ്റ് മാത്രമാണുള്ളത്. അതിൽ ജില്ലയിൽ നിന്ന് എട്ടുപേർക്ക് മാത്രമാണ് മെരിറ്റിൽ പ്രവേശനം. ഇന്റർവ്യൂവിൽ പങ്കെടുത്തില്ലേൽ അഡ്മിഷൻ കിട്ടില്ലെന്ന് ഉറപ്പായതിനാൽ ജയിലിലെ നാല് ചുവരുകൾക്കുള്ളിൽ കെ.എസ്.രാജീവ് വീർപ്പുമുട്ടി. ജാമ്യം കിട്ടാനോ, ജയിൽ മോചിതനാക്കാനോ യാതൊരു സാദ്ധ്യതകളും മുന്നിൽ കാണാത്ത നിമിഷങ്ങൾ എണ്ണി നീക്കുമ്പോഴാണ് കോടതി ഉത്തരവ് എത്തുന്നത്. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകിയിരിക്കുന്നു. നാല് പൊലീസുകാരുടെ അകമ്പടിയോടെ ഇടിവണ്ടിയിലാണ് കൈവിലങ്ങുവച്ച രാജീവിനെ അന്ന് എസ്.എൻ കോളേജിൽ എത്തിച്ചത്.
ഇന്റർവ്യൂവിൽ പങ്കെടുത്ത് മെരിറ്റിൽ അഡ്മിഷൻ സ്വന്തമാക്കി. തനിക്കുവേണ്ടി കോടതി മുറിയിൽ വാദിച്ച ആ പ്രോസിക്യൂട്ടർ ആരെന്ന ചോദ്യത്തിന് കെ.എസ്.രാജീവിന് ഉത്തരം കിട്ടി. അത് സാക്ഷാൽ സി.വി.പത്മരാജനാണ്. മെരിറ്റിൽ അഡ്മിഷൻ കിട്ടിയ വിദ്യാർത്ഥിയെ കോളേജിൽ ചേരാൻ അനുവദിക്കാത്തത് അനീതിയാണെന്ന് വാദിക്കാൻ ആ കോൺഗ്രസുകാരനായ പബ്ളിക് പ്രോസിക്യൂട്ടർക്ക് മടിയുണ്ടായിരുന്നില്ല. അഡ്മിഷൻ കിട്ടിയെങ്കിലും രാജീവിന് ജയിലിലേക്ക് തിരികെ പോകേണ്ടിവന്നു. സ്വന്തം രാഷ്ട്രീയത്തേക്കാൾ തന്റെ ആത്മബോധത്തിന് പ്രാമുഖ്യം നൽകിയ നീതിമാനായിരുന്നു സി.വി.പത്മരാജനെന്ന് ആ ഇരുപതുകാരൻ, ഇന്നത്തെ അഡ്വ. വെളിയം കെ.എസ്.രാജീവ് ഓർക്കുന്നു. വെളിയം രാജീവ് എസ്.എഫ്.ഐയും ഇടത് രാഷ്ട്രീയവും വിട്ടത് മറ്റൊരു ചരിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |