ന്യൂഡൽഹി: ഇന്നലെത്തെ ആയുധങ്ങൾ ഉപയോഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാവില്ലെന്നും തദ്ദേശീയ ആയുധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഭാവിക്ക് അനുയോജ്യമായ സാങ്കേതികവിദ്യ സ്വീകരിക്കണമെന്നും സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. രാജ്യത്തിന്റെ പ്രതിരോധ ശേഷി ആധുനികവത്കരിക്കേണ്ടതുണ്ടെന്നും പറഞ്ഞു. 'തദ്ദേശീയ ആയുധങ്ങളുടെ ശക്തി ഓപ്പറേഷൻ സിന്ദൂർ കാണിച്ചുതന്നു. ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത ആളില്ലാ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനം (കൗണ്ടർ യു.എ.എസ് സിസ്റ്റം) ആവശ്യങ്ങൾക്ക് യോജിച്ചതാണ്. നമ്മുടെ സുരക്ഷയ്ക്കുള്ള സംവിധാനങ്ങൾ നമ്മൾ തന്നെ കണ്ടുപിടിക്കണം. സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് നമ്മുടെ തയാറെടുപ്പുകൾ ദുർബലമാക്കും. ഉത്പാദനം പരിമിതമാക്കും. നമ്മൾ തന്നെ നിർമ്മിക്കുമ്പോൾ ആവശ്യത്തിന് ആയുധങ്ങളുണ്ടാവുകയും അവയെക്കുറിച്ച് ശത്രു അറിയാതിരിക്കുകയും ചെയ്യും. ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ (ഐ.ജി.എം.ഡി.പി) ഭാഗമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് പ്രതിരോധ സംവിധാനം ആകാശ്തീർ പാക് ആക്രമണം പ്രതിരോധിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇതിന്റെ പുതിയ വേരിയന്റായ ആകാശ് എൻ.ജി നിരവധി ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിച്ചു"- അദ്ദേഹം പറഞ്ഞു.
രാജ്യത്തെ തൊടാനായില്ല
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ അതിർത്തി സംസ്ഥാനങ്ങളിലേക്ക് പാകിസ്ഥാൻ ഡ്രോൺ വർഷം നടത്തി. പാകിസ്ഥാൻ ഉപയോഗിച്ചത് ആയുധമില്ലാത്ത ഡ്രോണുകളും ലക്ഷ്യമില്ലാതെ അലയുന്ന യുദ്ധോപകരണങ്ങളുമായിരുന്നു. അവയിൽ ഒന്നുപോലും ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധം ഭേദിക്കാൻ കഴിവുള്ളവയായിരുന്നില്ല. പാകിസ്ഥാന്റെ ആക്രമണം പൂർണമായും പ്രതിരോധിക്കാൻ ഇന്ത്യക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |