തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആനി കളഭത്തിനൊപ്പം നടന്ന ഭദ്രദീപപൂജ കർക്കടക ശീവേലി ദിവസമായ ഇന്ന് സമാപിക്കും. അറുപത് വർഷത്തിനു ശേഷമാണ് ക്ഷേത്രത്തിൽ ഭദ്രദീപ ചടങ്ങ് നടക്കുന്നത്. ഭക്തർക്ക് ദർശനമില്ലാതിരുന്ന ഭദ്രദീപപ്പുരയിൽ ഇത്തവണ ദർശന സൗകര്യമൊരുക്കിയിട്ടുണ്ട്. ശീവേലിപ്പുരയുടെ തെക്കുവശത്തായുള്ള ഭദ്രദീപമണ്ഡപത്തിൽ സാളഗ്രാമങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 8മുതൽ 12വരെ ഭക്തർക്ക് ഭദ്രദീപപൂജ ദർശിക്കാം.
ഉത്തരായനത്തിനും ദക്ഷിണായനത്തിനും മുൻപുള്ള ഏഴ് ദിവസത്തെ കളഭത്തോടു ചേർന്നാണ് ഭദ്രദീപം നടന്നിരുന്നത്. 1962ൽ ചിത്തിരതിരുനാൾ മഹാരാജാവാണ് അവസാനം ഭദ്രദീപം നടത്തിയത്.
ഇക്കഴിഞ്ഞ 12ന് ആചാര്യവരണത്തോടെ ആരംഭിച്ച ഭദ്രദീപം താന്ത്രികചടങ്ങുകൾക്കു ശേഷം ഇന്ന് തിരുമുടിക്കലശത്തോടെ സമാപിക്കും.
ആനികളഭത്തിന്റെ ഭാഗമായ പെരുന്തിരമൃതുപൂജ തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടക്കും. കലശാഭിഷേകത്തോടൊപ്പം നെയ്യ്, തേൻ എന്നിവയുടെ അഭിഷേകവും ഉണ്ടായിരിക്കും. ഇവ പ്രസാദമായി ശീട്ടാക്കാവുന്നതാണ്. രാവിലെ എട്ട് മുതൽ ഒൻപതു വരെയാണ് കലശദർശനം. പുലർച്ചയ്ക്കുള്ള നിർമ്മാല്യദർശനത്തിനു ശേഷം 6.30 മുതൽ ഏഴ് വരെയും, 10 മുതൽ 11 വരെയും, വൈകിട്ട് 4.30 മുതൽ ആറ് വരെയുമാണ് ദർശനസമയം. രാത്രി 8.30ന് സ്വർണ ഗരുഡവാഹനത്തിൽ കർക്കടക ശീവേലി നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |