നെന്മാറ: അയിലൂർ ഗവ. യു.പി. സ്‌കൂളിൽ വൃക്ഷതൈ വിതരണവും ചങ്ങാതിക്കൊരു തൈ, പാഴ് പുതുക്കം പരിപാടികളും അയിലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജീന ചാന്ദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൃക്ഷവത്ക്കരണ കാമ്പയിനുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ചങ്ങാതിക്കൊരു തൈ, ഓർമ്മമരം എന്നിവയെക്കുറിച്ച് നവകേരളം കർമപദ്ധതി റിസോഴ്സ് പേഴ്സൺ എസ്.വി.പ്രേംദാസ് സംസാരിച്ചു. വിദ്യാർത്ഥികൾ പരസ്പരം തൈകൾ കൈമാറി. ജൂൺ അഞ്ചിന് 232 തൈകൾ 'ചങ്ങാതിക്കൊരു തൈ ' പദ്ധതിയിൽ കൈമാറിയിരുന്നു. ഇതോടെ 280 തൈകൾ അയിലൂർ ജി.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ വീടുകളിൽ നട്ടു. കൂടാതെ ഉപയോഗമില്ലാത്ത പാഴ് വസ്തുക്കളെ പുതുക്കമുള്ള വസ്തുക്കളാക്കി മാറ്റുക എന്ന പാഴ് പുതുകം പരിപാടിയും നടത്തി. പഴകിയ സാരി, ചുരിദാർ പോലുള്ള വസ്ത്രങ്ങൾ കൊണ്ട് വിദ്യാർത്ഥികൾ സഞ്ചികൾ ഉണ്ടാക്കി. ഹരിത കർമ്മ സേനയ്ക്ക് നൽകുന്ന പാഴ് വസ്തുക്കളിൽ തെരഞ്ഞെടുത്ത വസ്തുക്കൾ ഉപയോഗപ്രദമാക്കുകയും ചെയ്തു. പരിപാടിയിൽ വാർഡ് അംഗം വത്സല ഹരിദാസ് അദ്ധ്യക്ഷയായി. പ്രധാനാദ്ധ്യാപിക സുനിത, ഐ.ആർ.ടി.സി പ്രതിനിധികളായ പി.അഞ്ജു, പി.അഖിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |