ശ്രീകൃഷ്ണപുരം: ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ കെ.പ്രേംകുമാർ എം.എൽ.എ നടപ്പാക്കുന്ന 'മാനത്തോളം' സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കരിമ്പുഴ കോട്ടപ്പുറം ഹെലൻ കെല്ലർ അന്ധ വിദ്യാലയത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അമ്മമാർക്കുമായി ഏകദിന എൽ.ഇ.ഡി ബൾബ് നിർമ്മാണ ശിൽപശാല നടന്നു. കരിമ്പുഴ, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ്, തച്ചനാട്ടുകര പഞ്ചായത്തുകളിൽ നിന്നുളള ഭിശേഷിയുള്ള കുട്ടികളും രക്ഷിതാക്കളുമാണ് ശിൽപശാലയിൽ പങ്കെടുത്തത്. സന്നദ്ധ സംഘടനയായ ഐ.ഇ.ഇ.ഇയുടെ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. കെ.പ്രേംകുമാർ
എം.എൽ.എ ഉദ്ഘാടനം ചെയ്തു.കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ഹനീഫ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ സിവിൽ സർവ്വീസ് മീറ്റിൽ ചെസ്സ് മൽസരത്തിൽ സ്വർണ്ണ മെഡൽ നേടിയ കേരള ടീം അംഗം കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെ സീനിയർ ക്ലർക്ക് സി.ശ്രീദയെ ചടങ്ങിൽ അനുമോദിച്ചു.
ഹെലൻ കെല്ലർ സ്‌കൂൾ പ്രധാനാദ്ധ്യാപിക നോബിൾ മേരി, കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജ് അദ്ധ്യാപിക ഡോ. ബിജുന കുഞ്ചു.കെ, പ്രൊഫ.സുനിത ബീവി, ശ്രീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് സി.രാജിക, തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം, എസ്.എസ്.കെ ബ്ലോക്ക് പ്രൊജക്ട് ഓഫീസർ എൻ.പി.പ്രിയേഷ്, സി.രാധാകൃഷ്ണൻ, മധുകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |