കല്ലറ: ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി എന്നുപറഞ്ഞ പോലെയാണ് ക്ഷീര കർഷകരുടെ അവസ്ഥ.ചെലവും വരവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കാലിവളർത്തൽ അവസാനിപ്പിക്കുകയാണ് പലരും.പാൽ വില കൂട്ടിയാൽ അല്പം ആശ്വാസമാകുമെന്ന് അഭിപ്രായം ഉയർന്നെങ്കിലും മിൽമ പാൽ വില ഉയർത്തുന്നതുമില്ല.
വരുമാനത്തിനപ്പുറം കാലികളുടെ പരിപാലനച്ചെലവ് കുത്തനെ കൂടിയതാണ് തിരിച്ചടിയായത്. കാലിത്തീറ്റ,മരുന്ന്,പച്ചപ്പുൽ എന്നിവയുടെ വിലയും വൻതോതിൽ വർദ്ധിച്ചു. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 60 രൂപയോളമാണ് ചെലവ്.കർഷകർക്കു ലഭിക്കുന്നതാകട്ടെ 40 രൂപ വരെ. 70 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാനാകൂവെന്ന് കർഷകർ പറയുന്നു. രണ്ടോ മൂന്നോ പശുക്കളുള്ളവരാണ് കർഷകരിലേറെയും.
കൊവിഡ് കാലത്തിന് ശേഷമാണ് പശുവളർത്തൽ വ്യാപകമായത്. ജോലി പോയ പ്രവാസികളടക്കം പശുവളർത്തലിൽ സജീവമായി. പക്ഷേ, ചെലവ് താങ്ങാൻ കഴിയാതെ മെല്ലെ പിൻവാങ്ങി. ഇവരെ പിടിച്ചുനിറുത്താൻ സർക്കാർ ഭാഗത്തു നിന്നും നടപടിയുണ്ടാകുന്നില്ല.
ചെലവേറി
മറ്റു വരുമാനമില്ലാത്തവരാണ് കൂടുതൽ പ്രതിസന്ധിയിലായത്. കാലിത്തീറ്റ (50കിലോ ചാക്ക്) 1550 രൂപയ്ക്ക് മുകളിലാകും. പിണ്ണാക്കിന് 45 ഉം വില, പച്ചപ്പുല്ലിനും, വയ്ക്കോലിനും വേറെ തുക നൽകണം.മിൽമയുടെ നിയന്ത്രണത്തിലുള്ള ക്ഷീരസംഘങ്ങളിൽ നിന്ന് നേരിട്ട് പാൽ വാങ്ങിയാൽ 60 രൂപ കൊടുക്കണം. എന്നാൽ ക്ഷീരസംഘങ്ങളിൽ കൊടുത്താൽ കൊഴുപ്പും മറ്റ് മാനദണ്ഡങ്ങളും അനുസരിച്ച് 40 - 45 രൂപയേ കൂട്ടൂ.
പ്രതിസന്ധികൾ നിരവധി
കാലിത്തീറ്റ വിലയിലെ വർദ്ധന
തൊഴിലാളികളുടെ കൂലി വർദ്ധന
പുൽക്കൃഷി ചെലവിലെ വർദ്ധന
കാലാവസ്ഥ മൂലമുള്ള പ്രശ്‌നങ്ങൾ
വൈദ്യുതി, വെള്ളം നിരക്ക് വർദ്ധന
അടിക്കടിയുണ്ടാകുന്ന രോഗബാധ
പാൽവില അവസാനം കൂടിയത് 2022 ഡിസംബറിൽ
പ്രഖ്യാപനങ്ങൾ മാത്രം
ക്ഷീരകർഷകർക്കായി സർക്കാർ വിവിധ സബ്‌സിഡികളും ആനുകൂല്യങ്ങളും വർഷം തോറും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒന്നും ലഭിക്കാറില്ല.റബർ വിലയിടിവിനെ തുടർന്ന് മലയോരമേഖലയിലെ കർഷകർ പശു വളർത്തലിലേക്ക് തിരിഞ്ഞിരുന്നു. പ്രതിസന്ധികളേറിയതോടെ വൻതുക വായ്പയെടുത്ത് ഫാം തുടങ്ങിയ പലരും കടക്കെണിയിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |