കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡിൽ ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാൻ കർശന നടപടികൾ നഗരസഭാ സെക്രട്ടറി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മാസത്തിലൊരിക്കൽ നഗരസഭാ അധികൃതരും ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫീസറും ബസ് സ്റ്റാൻഡ് സന്ദർശിച്ച് നഗരസഭ നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. കഴിഞ്ഞ വർഷം മാർച്ച് 30 ന് ബസ് സ്റ്റാൻഡിൽ അമിത വേഗതയിൽ അശ്രദ്ധമായെത്തിയ ബസ് ഇടിച്ച് അതിഥി തൊഴിലാളി മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഉത്തരവ്. മേയ് 29 ന് കമ്മീഷൻ പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിൽ നഗരസഭാ അസി. സെക്രട്ടറി ഹാജരായി. പരാതിയിൽ പറയുന്ന അപകടത്തിന് ശേഷം നഗരസഭാ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു. ബസുകളുടെ അമിതവേഗം തടയാൻ റബർ ഹംബ് നിർമ്മിച്ചതായി അസി. സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ദിശാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ബസ് സ്റ്റാൻഡ് യാർഡിൽ പ്രവേശിക്കാതെ തന്നെ ബസിൽ കയറുന്നതിനും മറ്റുമായി കടമുറികളുടെ വരാന്തയ്ക്ക് അഭിമുഖമായി ബസുകൾ പാർക്ക് ചെയ്യുന്നതിന് പുനഃക്രമീകരണം എർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ യാർഡിൽ നേരിട്ട് പ്രവേശിക്കാതിരിക്കാൻ ഡിവൈഡറുകൾ സ്ഥാപിച്ചു. ദീർഘദൂര ബസുകൾക്ക് സ്റ്റാൻഡിന്റെ തെക്കേയറ്റത്ത് പാർക്കിംഗ് സൗകര്യം നൽകി. യാർഡിൽ വൺവേ സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊലീസ് നിരീക്ഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഒറ്റപ്പാലം നഗരസഭാ കൗൺസിലർ സി.സജിത്ത് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |