കിളിമാനൂർ: ഇത്തവണ ഓണത്തിന് തമിഴ്നാടൻ ഏത്തക്കുലകളുടെ ശർക്കര വരട്ടി, ഉപ്പേരി തുടങ്ങിയവയാകും സദ്യക്കൊപ്പം വിളമ്പുന്നത്.വറ്റൽ തയ്യാറാക്കാൻ നാടൻ കായ്ക്കൾക്ക് ആവശ്യക്കാരേറെയാണെങ്കിലും ഇപ്പോൾ നാടൻ ഏത്തക്കുലകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്.
കനത്തമഴയിൽ ഏത്തവാഴക്കൃഷി നശിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.ഇതോടെ കർഷകർ ദുരിതത്തിലായി.കൃഷിച്ചെലവ് കണക്കാക്കിയാൽ ഭാരിച്ച നഷ്ടമാണുണ്ടായിരിക്കുന്നത്.ഗ്രാമച്ചന്തകളും കർഷക ഓപ്പൺ മാർക്കറ്റുകളും നിലച്ചുപോയതിനാൽ വിപണന സാദ്ധ്യതയും ഇവർക്ക് നഷ്ടമായതായി പറയുന്നു.
ജില്ലയിൽ ചിറയിൻകീഴ്,കിളിമാനൂർ,നെടുമങ്ങാട്,കല്ലറ മേഖലകളിലാണ് നാടൻ ഏത്തവാഴ കൃഷി വ്യാപകമായുണ്ടായിരുന്നത്. നൂറിലധികം കർഷകർ ഇപ്പോഴും കൃഷി ചെയ്യുന്നുണ്ട്. മുൻവർഷങ്ങളിൽ ഏത്തക്കുലയ്ക്കുണ്ടായ വലിയ വിലയിടിവ് മൂലം ഇത്തവണ പല കർഷകരും കൃഷിയിറക്കിയില്ല.പാട്ടത്തിന് കൃഷി ചെയ്തിരുന്നവരെല്ലാം പിൻവലിഞ്ഞു.വളത്തിനുണ്ടായ അമിത വില വർദ്ധനവും ബുദ്ധിമുട്ടിലാക്കി.
വാഴയിലയും വരുത്തൻ
നേരത്തെ കർഷകർക്ക് 5 രൂപ വരെ ഇലകൾക്ക് ലഭിച്ചിരുന്നു.ഹോട്ടലുകളിലും കല്യാണ സദ്യയ്ക്കും ഇലകൾ വാങ്ങിയിരുന്നു.എന്നാൽ, തമിഴ്‌നാട്ടിൽനിന്ന് ലോഡുകണക്കിന് വാഴയില കൊണ്ടുവരാൻ തുടങ്ങിയതോടെ ഈ മേഖലയിലും കർഷകർക്ക് തിരിച്ചടിയായി.
വരവ് ഏത്തക്കുലയ്ക്ക് കിലോയ്ക്ക് - 50 രൂപയാണ്
എന്നാൽ നാടൻ ഏത്തക്കുലയ്ക്ക് കിട്ടുന്നതാകട്ടെ - 50 ൽ താഴെയും.
ഹോൾസെയിൽ 30 രൂപ നിരക്കിൽ ഏത്തക്കുല വാങ്ങി ചിപ്‌സ് തയ്യാറാക്കി കിലോയ്ക്ക് 450 രൂപയ്ക്കാണ് വിൽക്കുന്നത്
വേനൽച്ചൂടിൽ വാഴകളുടെ ഇല കരിഞ്ഞുപോകുന്ന സ്ഥിതിയായിരുന്നു.ഇത് ഏറെ പ്രയാസപ്പെട്ടാണ് മറികടന്നത്.ഇതിനിടെയാണ് കനത്ത മഴയെത്തിയത്.ഇതോടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു.നിരവധി കർഷകരുടെ വാഴക്കൃഷി നശിച്ചു.നഷ്ടപരിഹാരം കിട്ടിയാലും കടം മാത്രമാണ് മിച്ചം. മലയോരത്ത് കാട്ടുമൃഗങ്ങളുടെ ശല്യവും ഇരട്ടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |