തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവതിക്കൊപ്പം കറങ്ങാനായി, മൂവാറ്റുപുഴയിൽ നിന്ന് കാർ മോഷ്ടിച്ച് തിരുവനന്തപുരത്തെത്തിയ യുവാവിനെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ പായിപ്ര സ്വദേശി സാബിത്തിനെയാണ് (20) തൈക്കാടു നിന്ന് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: തൈക്കാട് സ്വദേശിയായ അഭിഭാഷകന്റെ കാറിന്റെ നമ്പർപ്ലേറ്റ് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൈക്കാട് നിന്നാണ് നമ്പർപ്ലേറ്റ് ഊരിയെടുത്തതെന്നും,ഊരിയെടുത്ത ആളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചു.തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ നഗരത്തിൽ നിന്നുതന്നെ സാബിത്തിനെ എസ്.എച്ച്.ഒ ജിജുകുമാർ,എസ്.ഐ ബിനുമോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പൂന്തുറ സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിക്കൊപ്പം കറങ്ങി നടക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.തുടർന്ന് നടത്തിയ പരിശോധനയിൽ സാബിത്തിന്റെ കൈവശമുണ്ടായിരുന്ന മാരുതി സ്വിഫ്റ്റ് കാർ മൂവാറ്റുപുഴയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. വെള്ളൂർക്കുന്നം വാഴപ്പിള്ളി ചാരിസ് ആശുപത്രിക്കു സമീപത്തുള്ള കുരുട്ടുകാവിൽ വീടിന്റെ പോർച്ചിൽ കിടന്ന കാറാണ് ജൂലായ് 4ന് മോഷ്ടിച്ചത്.പിന്നീട് തിരുവനന്തപുരത്തെത്തിയ യുവാവ് തൈക്കാട് നിന്ന് അഭിഭാഷകന്റെ നമ്പർപ്ലേറ്റ് തട്ടിയെടുത്തത് കാർ മോഷ്ടിച്ചതാണെന്ന് കണ്ടെത്താതിരിക്കാനാണെന്ന് പൊലീസ് പറഞ്ഞു. നമ്പർപ്ലേറ്റ് മോഷ്ടിച്ചതിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെയും കാറും മൂവാറ്റുപുഴ പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |