വീതികുറഞ്ഞ റോഡ് അപകടക്കെണിയാകുന്നു
വട്ടപ്പാറ: സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവം.കേശവദാസപുരം മുതൽ തുടങ്ങുന്ന സംസ്ഥാനപാതയുടെ അവസ്ഥയാണിത്.എണ്ണിയാലൊടുങ്ങാത്ത വളവുകളിൽ കണ്ണുതെറ്റിയാൽ അപകടമുറപ്പാണ്.പ്രധാന ജംഗ്ഷനുകളിൽ എത്തിയാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പല പദ്ധതികളും സർക്കാർ ആവിഷ്കരിച്ചെങ്കിലും ഒന്നും ഫലവത്തായില്ല.
സംസ്ഥാന പാതയ്ക്ക് സമാന്തരമായി ഗ്രീൻഫീൽഡ് ഹൈവേ നിർമ്മിക്കാൻ പദ്ധതിയുണ്ടായിരുന്നങ്കിലും,ഇപ്പോൾ അതും ഉപേക്ഷിച്ചു.നിലവിലെ രണ്ടുവരിപ്പാത നാലുവരിയാക്കി മാറ്റാനാണ് തീരുമാനം. പദ്ധതികൾ പ്രഖ്യാപിച്ച് അളവെടുപ്പ് നടക്കുന്നതല്ലാതെ സ്ഥലമേറ്റെടുക്കൽ പോലും ഇതുവരെ നടത്തിയിട്ടില്ല.
ഗതാഗതക്കുരുക്ക് ഒഴിയാതെ
സംസ്ഥാനപാതയിൽ 44 കിലോമീറ്ററാണ് ജില്ലയ്ക്കുള്ളത്. കേശവദാസപുരത്തു നിന്ന് നാലുവരിയായി ആരംഭിക്കുന്ന റോഡ് മണ്ണന്തലയെത്തുമ്പോഴേക്കും രണ്ടുവരിയായി ചുരുങ്ങും. മണ്ണന്തല,വട്ടപ്പാറ,വെമ്പായം,കന്യാകുളങ്ങര,വെഞ്ഞാറമൂട് ജംഗ്ഷനുകൾ ഉൾപ്പെടുന്ന പതിനെട്ടു കിലോമീറ്റർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
നെടുമങ്ങാട്,കൊട്ടാരക്കര ഭാഗങ്ങളിലേക്ക് തിരിയുന്ന വട്ടപ്പാറ,വെമ്പായം ജംഗ്ഷനുകളിലും എംസി റോഡിൽ നിന്ന് പോത്തൻകോട്ടേക്ക് തിരിയുന്ന കന്യാകുളങ്ങര ജംഗ്ഷനിലും സ്കൂൾ സമയങ്ങളിൽ ഗതാഗതം സ്തംഭിക്കും. ബസ് ബേയില്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെ റോഡിൽ നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നത്.ഇതും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
വീഴിക്കാൻ വളവുകളും
കുത്തനെയുള്ള വളവുകൾ മണ്ണന്തല മുതൽ ആരംഭിക്കും.കൂടാതെ റോഡും രണ്ടുവരിയാകും.വളവുകളും റോഡിന് മറുവശം താഴ്ചയുള്ള സ്ഥലങ്ങളുമായതിനാൽ ഇവിടെ അപകടങ്ങൾ പതിവാണ്.
ഇടുങ്ങിയ പാലങ്ങൾ
റോഡിൽ ചെറുതും വലുതുമായ നിരവധി പാലങ്ങളുണ്ട്. മരുതൂർ,പെരുങ്കൂർ,വെമ്പായം തുടങ്ങിയ പാലങ്ങളെല്ലാം എംസി റോഡിന് വീതി കൂട്ടുന്നതിന് മുന്നേ പണികഴിപ്പിച്ചവയാണ്. ഇപ്പോഴുള്ള റോഡിന്റെ വീതി പോലും ഈ പാലങ്ങൾക്കില്ല. കൂടാതെ കാലപ്പഴക്കത്തിൽ പാലങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാൻ കഴിയുന്ന പാലങ്ങളാണ് ഇവയെല്ലാം.തിരക്ക് കൂടിയ എം.സി റോഡ് അടച്ചിട്ട് പാലം പണികൾ നടത്തുന്നതിനായി സാങ്കേതികമായ ബുദ്ധിമുട്ടുകളുണ്ട്. ഇതിനായി സമാന്തര റോഡുകളുടെ പണികൾ പൂർത്തിയാക്കിയ ശേഷം എം.സി റോഡിലെ പാലങ്ങളുടെ വീതികൂട്ടുമെന്നാണ് അധികൃതർ പറയുന്നത്.
റോഡ് കൈയേറി കച്ചവടം
പ്രധാന ജംഗ്ഷനുകളിൽ അനധികൃതമായി റോഡ് കൈയേറിയുള്ള കച്ചവടവും പാർക്കിംഗും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. എംസി റോഡിൽ അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കാനോ അടിയന്തര സാഹചര്യങ്ങളിൽ ഫയർഫോഴ്സിന് കടന്നുപോകാനോ പോലും കഴിയാത്തവിധം ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |