കോഴിക്കോട്: ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം സൗഖ്യ പദ്ധതിയുടെ ഭാഗമായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുന്നു. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്), ടൈപ്പ് 1 ഡയബറ്റിക്സ് വെൽഫെയർ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിൽ ടൈപ്പ് 1 പ്രമേഹബാധിതരായ 300ഓളം കുട്ടികൾക്ക് പദ്ധതിയുടെ ഭാഗമായി തുടർച്ചയായ ഗ്ലൂക്കോസ് നിർണയ സംവിധാനം (സി.ജി.എം) സൗജന്യമായി ലഭ്യമാക്കും. കോഴിക്കോട്ടെ വിവിധ ആശുപത്രികൾ, ലയൺസ്, റോട്ടറി ക്ലബുകൾ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ, വ്യാപാരിവ്യവസായി സംരംഭകർ, സേവന സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ 1000 സി.ജി.എമ്മുകൾ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ആഗസ്റ്റ് 15ഓടെ ജില്ലയിലെ എല്ലാ ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികൾക്കും സി.ജി.എം സംവിധാനം ലഭ്യമാക്കും വിധമാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഡയറ്റിന്റെ നേതൃത്വത്തിൽ അർഹരായ എല്ലാ കുട്ടികളുടെയും വിവരശേഖരണം പൂർത്തിയാക്കും.
കുട്ടികളെ ആരോഗ്യകരമായ ജീവിതശൈലികൾ പരിശീലിപ്പിക്കുക, ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള ഗവേഷണാത്മക പഠനങ്ങൾക്കും ഇടപെടലുകൾക്കും പ്രോത്സാഹനം നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് വിളിച്ചുചേർത്ത യോഗത്തിൽ റോട്ടറി, ലയൺസ്, വിവിധ ആശുപത്രികൾ എന്നിവർ പങ്കെടുത്തു. ജീവിത ശൈലി രോഗങ്ങൾക്കെതിരായ സമഗ്ര അവബോധപ്രതിരോധ പരിപാടിയായ 'സൗഖ്യ'യുടെ വിജയത്തിനായി എല്ലാവരുടെയും പൂർണ സഹകരണം നൽകണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |