കരിപ്പൂർ: കരിപ്പൂർ വിമാനത്താവള വികസനത്തിൽ നാവിഗേഷൻ സംവിധാനങ്ങൾക്കായുള്ള റൺവേ ലീഡ് ഇൻ ലൈറ്റുകളും സോളാർ പവർഡ് ഒബ്സ്ട്രക്ഷൻ ലൈറ്റുകളും സ്ഥാപിക്കുന്നതിന് എയർപോർട്ട് ഭൂമിയോട് ചേർന്നുള്ള മൂന്ന് വില്ലേജുകളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പള്ളിക്കൽ, ചേലേമ്പ്ര, കണ്ണമംഗലം വില്ലേജുകളിൽ നിന്നായി അഞ്ചു സ്ഥലങ്ങളാണ് ലീഡിംഗ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ടവറുകൾ നിർമ്മിക്കുന്നതിനാണ് സ്ഥലം ഏറ്റെടുക്കുക. അഞ്ചു വ്യക്തികളുടെ സ്ഥലങ്ങളാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. ഇവ ഏറ്റെടുക്കുന്ന നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. റവന്യൂ വകുപ്പിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗമാണ് നടപടികൾ പൂർത്തിയാക്കുക. വിമാനത്താവളത്തിന് ചുറ്റുമുള്ള മൂന്ന് വില്ലേജുകളിൽ നിന്നായി അഞ്ച് സ്ഥലങ്ങൾ ഏറ്റെടുത്ത് വിമാനത്താവള അതോറിറ്റിക്ക് കൈമാറുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പള്ളിക്കൽ വില്ലേജിൽ മൂന്ന് സ്ഥലങ്ങളും ചേലേമ്പ്ര കണ്ണമംഗലം വില്ലേജുകളിൽ ഓരോ സ്ഥലങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്. സ്ഥലങ്ങളുടെ അടിസ്ഥാന വില നിശ്ചയിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം നൽകും. റൺവേയുടെ ദിശ കാണിക്കാനും സുരക്ഷയും ദൃശ്യതയും മെച്ചപ്പെടുത്തുന്നതിനും വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിംഗിനും ടേക്ക് ഓഫിനും ടാക്സിവേയും റൺവേയും തമ്മിലുള്ള തിരിച്ചറിയുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും റൺവേ ലീഡ് ഇൻ ലൈറ്റുകളും സോളാർ പവർഡ് ഒബ്സ്ട്രക്ഷൻ ലൈറ്റുകളും സഹായകരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |