തിരുവനന്തപുരം: കഞ്ചാവുകേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് 56 പവനും 70,000 രൂപയും മോഷ്ടിച്ച കേസിൽ അന്നത്തെ പേരൂർക്കട സി.ഐ,എസ്.ഐ,പ്രബോഷണറി എസ്.ഐ എന്നിവർക്കെതിരെ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് എസ്.പിക്ക് കോടതിയുടെ നിർദ്ദേശം. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്വേതാ ശശികുമാറാണ് കേസ് പരിഗണിച്ചത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാണിച്ച കോടതി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കാൻ വേണ്ടിയുള്ളതാണ് നിലവിലെ അന്വേഷണ റിപ്പോർട്ടെന്ന് വിലയിരുത്തി. നിലവിലെ റിപ്പോർട്ടിൽ അന്നത്തെ പ്രൊബോഷണറി എസ്.ഐയും ഇപ്പോൾ കോഴിക്കോട് ക്രൈംബ്രാഞ്ച് സി.ഐയുമായ സിബി തോമസിനെ നിസാരവകുപ്പുകൾ ചുമത്തി പ്രതിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. കുറ്റകരമായ വീഴ്ച എന്ന നിസാര കുറ്റമാണ് ചുമത്തിയത്. ഈ വകുപ്പ് പ്രകാരം കുറ്റവാളിക്ക് രണ്ടുവർഷം തടവോ പിഴയോ രണ്ടും കൂടിയോ ഉള്ള ശിക്ഷ മതിയാകും.
കഞ്ചാവ് കേസിലെ പ്രതി രാമസ്വാമിയുടെ ഭാര്യ ഉഷ രാമസ്വാമിയായിരുന്നു പരാതിക്കാരി. 2009 ജനുവരി 25ന് വീടിന് സമീപമുള്ള ചിലയാളുകൾ രാമസ്വാമിയെയും കുടുംബത്തെയും ആക്രമിച്ച് പരിക്കേല്പിച്ചിരുന്നു. അവിടെ എത്തിയ പേരൂർക്കട പൊലീസ് വീടിന് കാവൽ ഏർപ്പെടുത്തിയ ശേഷം ഇവരെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. ഇതിനിടെ അന്നത്തെ സി.ഐയും മണ്ണന്തല സ്വദേശിയുമായ അശോകൻ,അന്നത്തെ എസ്.ഐയും ഇപ്പോൾ കൊല്ലം ക്രൈം റിക്കാഡ്സ് ബ്യൂറോ ഡിവൈ.എസ്.പിയുമായ നസീർ എന്നിവരുടെ അറിവോടെ വീടിനകം പരിശോധിച്ച് സ്വർണവും പണവുമടങ്ങിയ ബാഗ് കൈവശപ്പെടുത്തി. ഉഷ നൽകിയ പരാതി കേസിലെ പ്രതിയായ അശോകൻ തന്നെ അന്വേഷിക്കുന്ന സ്ഥിതിയുമുണ്ടായി.
ഇതിനെതിരെ ഉഷ നിരവധി റിട്ട് പെറ്റീഷൻ ഹൈക്കോടതിയിലും ഉന്നത ഉദ്യോഗസ്ഥർക്കും നൽകിയതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. പേരൂർക്കട സ്‌റ്റേഷനിലെ പാറാവ് ഡ്യൂട്ടിക്കാരി നസീറ ബീഗവും ജി.ഡി ചാർജുള്ള ഉദ്യോഗസ്ഥനായ ഷിഹാബുദ്ദീനും മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയാണ് കേസിൽ വഴിത്തിരിവായത്. കേസിലെ ദൃക്‌സാക്ഷികളായ ഉഷയുടെ അമ്മ ഇന്ദിര,സഹോദരി അംബിക,പരാതിക്കാരി ഉഷ എന്നിവരുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് ഒളിപ്പിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചു.
വീടിനകത്തുള്ള ആളുകളെ കസ്റ്റഡിയിലെടുക്കുകയോ അവിടെ നിന്ന് മാറ്റുകയോ ചെയ്യുമ്പോൾ വീട് ബന്തവസിൽ എടുക്കാത്ത പൊലീസുകാരുടെ നടപടിയെ കോടതി വിമർശിച്ചു. വീട്ടിൽ നിന്ന് പരിശോധനയിലൂടെ ലഭിക്കുന്ന സാധനങ്ങൾ പട്ടിക തയ്യാറാക്കി 24 മണിക്കൂറിനകം കോടതിയിലെത്തിക്കാതിരുന്നതും സംശയത്തിന് ഇടനൽകുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം. പരാതിക്കാരിക്കുവേണ്ടി അഭിഭാഷകനായ വള്ളക്കടവ് ജി. മുരളീധരൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |