കണ്ണൂർ: ജില്ലയിലെ സംയോജിത ആധുനിക മത്സ്യബന്ധന ഗ്രാമമായ തലശ്ശേരി ചാലിൽ ഗോപാലപേട്ടയിൽ നിന്ന് മത്സ്യവിപണനത്തിനായി ഇനി മുതൽ ഇലക്ട്രിക് ഓട്ടോകൾ ഓടിത്തുടങ്ങും. ചെറുകിട മത്സ്യക്കച്ചവടക്കാർക്കായി അഞ്ച് മത്സ്യവിപണന ഇലക്ട്രോണിക് ഓട്ടോകൾ (മൊബൈൽ ഫിഷ് വെൻഡിംഗ് കിയോസ്ക്കുകൾ) സജ്ജമായി. 25 കിലോയുടെ അഞ്ച് ക്രേയ്റ്റുകൾ ഇതിൽ കൊണ്ടുപോകാനാകും.
മത്സ്യം പ്രദർശിപ്പിക്കാനുള്ള സുതാര്യമായ ചില്ലുകൂടാണ് ഇതിന്റെ പ്രധാന ആകർഷണം. മീൻ മുറിക്കാനും വൃത്തിയാക്കാനും പാക്കിംഗിനും മാലിന്യ ശേഖരണത്തിനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചെതുമ്പൽ കളയുന്നതിന് കൈകൊണ്ട് പ്രവർത്തിക്കാവുന്ന യന്ത്രവും ഒരുക്കി. ഉപഭോക്താവിന് മീൻ നേരിട്ട് കണ്ട് തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് രൂപകൽപന.
ചാലിൽ ഗോപാലപേട്ട മാതൃക മത്സ്യബന്ധന ഗ്രാമത്തിന്റെ സമഗ്ര വികസനത്തിനായി ഇലക്ട്രിക് ഫിഷ് വെൻഡിംഗ് ഓട്ടോ കിയോസ്ക് ഉൾപ്പെടെ 10 ഘടക പദ്ധതികളാണ് ഈ വർഷം പൂർത്തിയാകുന്നത്. പദ്ധതി പ്രകാരം പൂർണമായും പ്രവർത്തനസജ്ജമായ മറ്റൊരു സംവിധാനമാണ് ചാലിൽ നായനാർ കോളനിയിൽ നിർമ്മിച്ച സെപ്റ്റേജ് യൂനിറ്റ്.
7.8 ലക്ഷം രൂപ
ഒരു ഇലക്ട്രിക് മത്സ്യവിപണന ഓട്ടോയുടെ വില 7.8 ലക്ഷം രൂപയാണ് . ഫിഷറീസ് വകുപ്പിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. കേരള സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് നിർമ്മാണം നടത്തുന്നത്. സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമം പദ്ധതിയുടെ ഘടക പദ്ധതികളിൽ ഒന്നാണിത്.
മത്സ്യവിപണനത്തിനായി തയ്യാറായ ഇലക്ട്രിക് ഓട്ടോകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |