കൊച്ചി: സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഉണർവേകുക എന്ന ലക്ഷ്യത്തോടെ കോളേജുകളെ സഹകരിപ്പിച്ച് ആരംഭിച്ച ടൂറിസം ക്ലബ്ബുകളുടെ എണ്ണം 500 പിന്നിട്ടു. നിലവിൽ 524 ക്ലബ്ബുകളാണുള്ളത്. ഔദ്യോഗിക പ്രവർത്തനം വൈകാതെ ആരംഭിക്കും. കഴിഞ്ഞ വർഷം നവംബറിലായിരുന്നു പദ്ധതിക്ക് തുടക്കം. തിരുവനന്തപുരം കേരള ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസിൽ പരീക്ഷണാടിസ്ഥാനത്തിൽ രൂപീകരിച്ച ആദ്യ ക്ലബ്ബിന്റെ വിജയം പദ്ധതിക്ക് വലിയൊരു വഴിത്തിരിവായി.
മലപ്പുറം ജില്ലയിലാണ് ടൂറിസം ക്ലബ്ബുകൾ കൂടുതൽ. 75 കോളേജുകളിൽ ക്ലബ്ബ് രൂപീകരണം പൂർത്തിയായി. തൊട്ടുപിന്നിൽ 64 ക്ലബ്ബുകളുമായി തിരുവനന്തപുരമുണ്ട്. 45 വീതം ക്ലബ്ബുകളുള്ള എറണാകുളവും കണ്ണൂരും മൂന്നാം സ്ഥാനത്താണ്. 45 കോളേജുകളുള്ള വയനാട്ടിൽ 15 ഇടത്ത് മാത്രമേ ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളൂ. സംസ്ഥാനത്തെ എല്ലാ കലാലയങ്ങളിലും പദ്ധതി എത്തിക്കുകയാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യം.
ടൂറിസം ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ
നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) പോലെയുള്ള ഒരു സന്നദ്ധ സംഘടനയാണ് ടൂറിസം ക്ലബ്ബ്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രാധാന്യം ഉയർത്തുകയും ടൂറിസത്തിന് ഉണർവേകുന്ന പ്രവർത്തനങ്ങൾ നടത്തുകയുമാണ് പ്രധാന ലക്ഷ്യം. ഒരു കോളേജിൽ 50 പേർക്ക് ക്ലബ്ബിൽ അംഗമാകാൻ സാധിക്കും. കോളേജിലെ ഒരു അദ്ധ്യാപകനായിരിക്കും ഇതിന്റെ ചുമതല. ടൂറിസം വകുപ്പിന്റെ വിവിധ പരിപാടികളിൽ ഭാഗമാകുന്നതുവഴി പോക്കറ്റ് മണിയും ടൂറിസം കേന്ദ്രങ്ങളിൽ സംരംഭങ്ങൾ തുടങ്ങാനും വിദ്യാർത്ഥികൾക്ക് ക്ലബ്ബ് വഴി സാധിക്കും.
പുരസ്‌കാരങ്ങളും ദത്തെടുക്കലും
മികച്ച പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുരസ്‌കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ ടൂറിസം ക്ലബ്ബും ഒരു വിനോദസഞ്ചാര കേന്ദ്രം ദത്തെടുത്ത് അതിന്റെ പരിപാലനവും വിവിധ പരിപാടികളും സംഘടിപ്പിക്കണം. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കോളേജുകൾക്ക് പ്രത്യേക പുരസ്‌കാരം നൽകും. കോളേജുകൾ തിരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളുടെ പേരുകൾ ഇപ്പോൾ ക്രോഡീകരിച്ചുവരികയാണ്.
കോളേജുകൾ തിരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങൾ ചാർച്ച ചെയ്തുവരികയാണ്. ഒരേയിടങ്ങൾ സമർപ്പിച്ചത് ഒഴിവാക്കും. പകരം മറ്രൊരു സ്ഥലം നിർദ്ദേശിക്കും
പി.സച്ചിൻ
സംസ്ഥാന കോ-ഓർഡിനേറ്റർ
ടൂറിസം ക്ലബ്ബ്
ജില്ല - ക്ലബ്ബുകൾ
തിരുവനന്തപുരം (64)
കൊല്ലം (31)
പത്തനംതിട്ട (19)
ആലപ്പുഴ (26)
കോട്ടയം (38)
ഇടുക്കി (26)
എറണാകുളം (45)
തൃശൂർ (44)
പാലക്കാട് (29)
മലപ്പുറം (75)
കോഴിക്കോട് (41)
വയനാട് (15)
കണ്ണൂർ (45)
കാസർകോട് (26)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |