പാലോട് (തിരുവനന്തപുരം): യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതുമൂലം യഥാസമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാനാകാതെ ആദിവാസി യുവാവ് മരിച്ചെന്ന് ആക്ഷേപം. യൂത്ത് കോൺഗ്രസിനെതിരെ സി.പി.എം അടക്കമുള്ള കക്ഷികൾ രംഗത്തെത്തിയതോടെ രാഷ്ട്രീയ വിവാദമായി സംഭവം മാറി. അമിത അളവിൽ ആസിഡ് ഉള്ളിൽചെന്ന് അത്യാസന്ന നിലയിലായിരുന്ന വിതുര കുണ്ടാളംകുഴി കല്ലൻകുടി ആര്യാഭവനിൽ ബിനുവാണ് (44) മരിച്ചത്.
വിതുര ഗവ. ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് യുവാവിനെ കൊണ്ടുപോകാൻ തുടങ്ങവേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞെന്നാണ് ആക്ഷേപം. വിതുര ആശുപത്രിയിലെ ആംബുലൻസ് കാലഹരണപ്പെട്ടതാണെന്നും മറ്റൊരു ആംബുലൻസ് വേണമെന്നും ആവശ്യപ്പെട്ട് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം നടത്തവെ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.
പതിനഞ്ച് മിനിട്ടോളം ആംബുലൻസ് തടഞ്ഞതുമൂലം ബിനുവിനെ യഥാസമയം മെഡിക്കൽ കോളേജിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. പത്ത് മിനിട്ടിനു മുമ്പ് മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാൻ ആകുമായിരുന്നുവെന്നും പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബിനുവിനെ ആസിഡ് ഉള്ളിൽചെന്ന നിലയിൽ വിതുര ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം മെഡിക്കൽ കോളേജിലെത്തിക്കാൻ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു. ബിനുവിനെ ആംബുലൻസിൽ കയറ്റാൻ ശ്രമിച്ചപ്പോഴാണ് ആശുപത്രിക്കു മുന്നിൽ സമരം നടത്തുകയായിരുന്ന യൂത്ത് കോൺഗ്രസുകാർ തടഞ്ഞത്. മെഡിക്കൽ ഓഫീസർ സമരക്കാരുമായി സംസാരിച്ചതിനെ തുടർന്ന് ബിനുവിനെ കൊണ്ടുപോയെങ്കിലും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരിച്ചു.
ബിനുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. പ്രിയയാണ് ഭാര്യ. ആര്യനാട് ഐ.ടി.ഐ വിദ്യാർത്ഥിയായ അഭിഷേക്, കോട്ടയത്ത് നഴ്സിംഗ് വിദ്യാർത്ഥിയായ ആര്യ എന്നിവരാണ് മക്കൾ.
യൂത്ത് കോൺ.
വിശദീകരണം
യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസെടുക്കണമെന്ന് സി.പി.എമ്മും ഇടത് യുവജന സംഘടനകളും ആവശ്യപ്പെട്ടു. എന്നാൽ, ആംബുലൻസിന്റെ ടയറുകൾ തേഞ്ഞ് അപകടാവസ്ഥയിലായതിനാൽ മറ്റൊരു ആംബുലൻസിൽ കൊണ്ടുപോകാനാണ് ആവശ്യപ്പെട്ടതെന്നാണ് യൂത്ത് കോൺഗ്രസ് വിശദീകരണം. അതുടൻ എത്തില്ലെന്ന് വ്യക്തമായപ്പോൾ അതേ അംബുലൻസിൽ തങ്ങൾ തന്നെയാണ് രോഗിയെ കയറ്റി വിട്ടതെന്നും വ്യക്തമാക്കി.
വീട് സന്ദർശിച്ച് മന്ത്രി
സംഭവത്തെ തുടർന്ന് മന്ത്രി ഒ.ആർ.കേളു ബിനുവിന്റെ വീട്ടിലെത്തി.
വിഷയത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെമെന്നും മന്ത്രി ബന്ധുക്കൾക്ക് ഉറപ്പു നൽകി.
10 പേർക്കെതിരെ കേസ്
സംഭവത്തിൽ എച്ച്.എം.സി അംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ലാൽ റോഷിൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്ക് എതിരെ പൊലീസ് കേസെടുത്തു. അത്യാഹിത വിഭാഗത്തിൽ വന്ന രോഗിയെ ആബുലൻസിൽ കയറ്റാൻ കഴിയാത്ത വിധം സംഘം ചേർന്ന് വാഹനം തടഞ്ഞതിനും മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുളളവരുടെ ഡൂട്ടി തടസപ്പെടുത്തിയതിനുമാണ് കേസ്. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |