കോഴിക്കോട്: മഴക്കാലമെത്തിയതോടെ ദേശീയപാത 66 ലെ അഴിയൂർ വെങ്ങളം റീച്ചിലെ പ്രധാനപാതയും സർവീസ് റോഡുകളും പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്. കനത്ത മഴയിൽ ചെങ്ങോട്ട്കാവ് മുതൽ തിരുവങ്ങൂർ വരെ രൂപപ്പെട്ട കുഴികളിൽ ബേബി മെറ്റലും എം സാന്റും നിറച്ച് തടിതപ്പാനാണ് അധികൃതരുടെ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നലെയുമായി റോഡിലെ വാഹനങ്ങൾ തടഞ്ഞ് ലോറിയിൽ ബേബി മെറ്റലും എം സാന്റുമെത്തിച്ച് കുഴികളിൽ നിറയ്ക്കുകയാണെന്ന് പ്രദേശവാസികളും ബസ് ജീവനക്കാരും പറയുന്നു. വാഹനങ്ങൾ തടഞ്ഞുള്ള പ്രവൃത്തി മൂലം
വലിയ ഗതാഗതക്കുരുക്കും ഇവിടെ അനുഭവപ്പെടുന്നുണ്ട്. മഴ കനക്കുമ്പോൾ കുഴികളിൽ നിറച്ച ബേബി മെറ്റലും എം സാന്റും ഒഴുകിപ്പോവുന്നുമുണ്ട്. കുഴികളിൽ വാഹനങ്ങൾ വീണ് അപകടം പറ്റുന്ന സാഹചര്യമുണ്ടായപ്പോൾ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പ്രദേശവാസികൾ ദേശീയപാതാ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
ദേശീയപാതയുടെ നിർമാണത്തിനായി വലിയ ഭാരം കയറ്റി വാഹനങ്ങൾ കടന്നുപോയതാണ് റോഡിന്റെ നിലവിലെ പരിതാപകരമായ ആവസ്ഥയ്ക്ക് കാരണമെന്നും അതിനാൽ റോഡ് നവീകരിക്കേണ്ടത് ദേശീയപാതാ അതോറിറ്റിയാണെന്നാണ് നാട്ടുകാർ പറയുന്നത്. മേയ് മാസത്തിൽ കനത്ത മഴയെത്തുടർന്ന് തിരുവങ്ങൂരിന് സമീപം ദേശീയപാതയിൽ വിള്ളലുണ്ടായപ്പോൾ ടാറിട്ടടച്ച് തടിതപ്പാൻ അധികൃതർ ശ്രമിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഗുജറാത്ത് കേന്ദ്രമായുള്ള വാഗാഡ് എന്ന കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണ
ചുമതല.
'' റോഡിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ രാത്രിസമയത്തും മഴ കനക്കുമ്പോഴും വളരെ പ്രയാസപ്പെട്ടാണ് ഈ വഴിയിൽ യാത്ര ചെയ്യുന്നത്. താത്കാലികമായി കുഴികൾ മൂടി പ്രശ്നം ഒഴിവാക്കാനുള്ള ശ്രമം അനുവദിക്കില്ല. റോഡ് റീടാറിംഗ് നടത്തിമാത്രമേ യാത്രാദുരിതം പരിഹരിക്കാനാവൂ.
എം.പി മൊയ്തീൻ കോയ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം
'' സർവീസ് റോഡുകളിലൂടെയുള്ള യാത്ര പരിതാപകരമാണ്. താത്കാലികമായ കുഴിയടയ്ക്കൽ മൂലം ഗതാഗതക്കുരുക്കും രൂക്ഷമാണ്. ദേശീയപാതയിലൂടെ ബസോടിച്ചാൽ പിഴയും ഈടാക്കും. കൃത്യസമയത്ത് ഓടിയെത്താൻ സാധിക്കാത്തതിനാൽ പലപ്പോഴും ട്രിപ്പുകൾ വെട്ടിച്ചുരുക്കുകയാണ്.
സതീശൻ എ, ബസ് ജീവനക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |