തൃശൂർ: കൗമാരത്തിന്റെ സംശയങ്ങൾക്കും ആശങ്കകൾക്കും പരിഹാരം നൽകി രാഷ്ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രം ലക്ഷ്യത്തിലേക്ക്.
ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കി നാഷണൽ ഹെൽത്ത് മിഷനും സംസ്ഥാന ആരോഗ്യ വകുപ്പും ചേർന്ന് നടപ്പാക്കിയ പദ്ധതിയിൽ ജില്ലയിലെ നാല് ബ്ലോക്കുകളിലെ സ്‌കൂളുകളിൽ നിന്ന് 200 വിദ്യാർത്ഥികൾക്ക് 'പിയർ എഡ്യൂക്കേറ്റർമാർ' ആയി പരിശീലനം ലഭിച്ചു. ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരും ജൂനിയർ പബ്ലിക് നഴ്‌സുമാരുമാണ് പരിശീലനം നൽകിയത്. അടുത്ത ബാച്ച് പരിശീലനം ഉടൻ ആരംഭിക്കും. കൂട്ടുകാരിൽ നിന്ന് അറിവ് നേടുമ്പോൾ, മടി കൂടാതെ സംശയങ്ങൾ ചോദിക്കാനും തുറന്നു സംസാരിക്കാനും കഴിയുന്നുവെന്നതാണ് പദ്ധതിയുടെ വിജയം. ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യം, മാനസികവും വൈകാരികവുമായ ക്ഷേമം, അക്രമരഹിത ജീവിതം, പോഷകാഹാരം, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം തടയൽ, അപകടങ്ങളിൽ നിന്ന് സ്വയം രക്ഷിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രീയമായ അറിവാണ് ഇവർക്ക് ലഭിച്ചത്. ഈ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിൽ ഓരോ നോഡൽ അദ്ധ്യാപകരെയും നിയമിച്ചു.
ഓൺലൈനിലെ ചതിക്കുഴികൾ തിരിച്ചറിഞ്ഞു
എരുമപ്പെട്ടി ബ്ലോക്കിലെ ജി.എം.ആർ.എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ എം. മഹാരാജ ഈ പദ്ധതിയുടെ ഭാഗമായി ലഭിച്ച അറിവിനെ പങ്കുവെക്കുന്നത് ഇങ്ങനെ: ' സൈബർ ക്രൈം, ജങ്ക് ഫുഡ്, പുകയില,ലഹരി, ലൈഗിംക വിദ്യാഭ്യാസം, കൗമാരകാലത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ അറിവ് നേടി. ഓൺലൈനിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ, ചതിക്കുഴികൾ എന്നിവയെ തിരിച്ചറിഞ്ഞു.മുതിർന്നവരോട് ചോദിക്കാൻ മടിച്ചിരുന്ന പല കാര്യങ്ങളും പിയർ എഡ്യൂക്കേറ്റർമാരോട് തുറന്നുസംസാരിക്കാൻ കഴിഞ്ഞുവെന്ന് കുട്ടികൾ പറയുന്നുവെന്ന് അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.
ആരോഗ്യകരമായ ശീലങ്ങൾ വളർത്താനും തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും വിദഗ്ദ്ധ സഹായം തേടാൻ പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതിയിലൂടെ സാധിച്ചു.
നിത്യ സനി, കോ ഓഡിനേറ്റർ, രാഷ്ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |