കുട്ടനാട്: കാൽ നൂറ്റാണ്ടായി ശില്പനിർമ്മാണത്തിൽ തിളങ്ങി വേഴപ്ര പുത്തൻകളത്തിൽ ബിജോയ് ശങ്കർ. കേരളത്തിൽ മാത്രമല്ല, ഡൽഹി, ബംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബിജോയിയുടെ കരവിരുതിന്റെ മുദ്രകൾ കാണാം. ശ്രീബുദ്ധൻ, യേശുക്രിസ്തു, ശ്രീനാരായണഗുരുദേവൻ, ശ്രീശങ്കരാചാര്യർ, മഹാത്മാഗാന്ധി ഇങ്ങനെ നീളുന്നു അദ്ദേഹം നിർമ്മിച്ച ശില്പങ്ങൾ. കാലടി ശ്രീശാരദ വിദ്യാലയത്തിൽ നിർമ്മിച്ച ശ്രീശങ്കരാചര്യരുടെ പൂർണ്ണകായ പ്രതിമയുടെ അനാച്ഛാദനം അടുത്തിടെയായിരുന്നു.
എസ്.എൻ.ഡി.പിയോഗം പുന്നമട, മണിമല, കടയിനിക്കാട്, പുഴവാത്, കൈനകരി, കുട്ടമംഗലം തുടങ്ങിയ ശാഖകളിലെ ശ്രീനാരായണഗുരുവിന്റെ പ്രതിമകൾക്കൊപ്പം മുട്ടാർ, കുമരംചിറ പള്ളിയിലെ അന്തോണീസ് പുണ്യാളന്റെ സ്പിരിച്ച്വൽ പാർക്കും ബിജോയിയുടെ കരവിരുതിന്റെ ഉദാഹരണങ്ങളാണ്.
ചരിത്രപുരുഷന്മാരുടെ പ്രതിമകൾ മാത്രമല്ല, വിദ്യാലയത്തിലെ പാർക്കുകളിൽ കുട്ടികൾക്ക് കണ്ടും കളിച്ചും രസിക്കാൻ പാകത്തിൽ പലതരം മൃഗങ്ങളുടെയും ജന്തുക്കളുടെയും ശില്പങ്ങൾ നിർമ്മിക്കുന്നതിലും ബിജോയിയുടെ കഴിവ് ഒന്നുവേറെതന്നെയാണ്.
ബംഗളൂരു നാഷണൽ പാർക്ക്, കബൻപാർക്ക് എന്നിവിടങ്ങളിൽ നിർമ്മിച്ച ദിനോസറിന്റെ ശില്പം ശ്രദ്ധേയമായതിനെ തുടർന്ന് കർണ്ണാടക സർക്കാർ പാരിതോഷികം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദുകോളേജിലെ പ്രീഡിഗ്രി പഠനത്തിന് ശേഷം ആലപ്പുഴ എസ്.എസ് സ്ക്കൂൾ ഒഫ് ആർട്സിൽ നിന്ന് ഡ്രോയിംഗ് ആൻഡ് പെയിന്റിംഗിൽ രണ്ടാം റാങ്കോടെ ഡിപ്ലോമ നേടിയ ബിജോയ്, സംസ്ഥാന യുവജനമേളയിൽ 1998 മുതൽ തുടർച്ചായി മൂന്നുവർഷം ഡ്രോയിംഗ്, പെയിന്റിംഗ്, ക്ലേ മോഡലിംഗ് എന്നീ ഇനങ്ങളിൽ ഒന്നാമനായിരുന്നു. ഭാര്യ :ബിന്ദു. മക്കൾ: നിധിമോൾ,നിവേദ്, നവനീത്
ഫൈബറാണ് താരം
കുട്ടിക്കാലത്ത് ചിത്രകലയോട് തോന്നിയ താത്പര്യം പിന്നീട് ടെക്സ്റ്റയിൽ ഡിസൈനിംഗിൽ എത്തിച്ചെങ്കിലും തന്റെ രംഗം ശില്പ നിർമ്മാണമാണെന്ന് തിരിച്ചറിഞ്ഞതോടെ ബിജോയ് അതിലേക്ക് തിരിഞ്ഞു. സിമന്റും കമ്പിയും മാർബിൾ പൊടിയും ഉപയോഗിച്ചാണ് ആദ്യകാലത്ത് ശില്പങ്ങൾ നിർമ്മിച്ചിരുന്നത്. സാങ്കേതികവിദ്യകളുടെ മാറ്റത്തിന്റെ ഭാഗമായി ഇപ്പോൾ ഫൈബറാണ് ബിജോയ് കൂടുതലായി ഉപയോഗിക്കുന്നത്. ഇത്തരം ശില്പങ്ങൾക്ക് കനം തീരെക്കുറവും ഭംഗി കൂടുതലുമായിരിക്കും. അനായാസമായി എങ്ങോട്ട് വേണമെങ്കിലും മാറ്റാനും സാധിക്കും. എത്ര വലുപ്പത്തിലുള്ള ശില്പങ്ങൾ നിർമ്മിക്കുന്നതിനും രണ്ടാഴ്ചയിൽ കൂടുതൽ വേണ്ടി വരില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |