കോന്നി : 1920ൽ പുസ്തകാലയമായി തുടങ്ങി മലയാളത്തിലെ ആദ്യപുസ്തക പ്രസാധന സ്ഥാപനമായി മാറിയ കോന്നി വീനസ് ബുക്സ് ചരിത്രത്തിന്റെ ഭാഗമായെങ്കിലും, ഒരു നൂറ്റാണ്ടിനു മുൻപ് യു.എസിൽ നിന്ന് ഇറക്കുമതി ചെയ്ത് വീനക്സിന്റെ പെരുമ നാടിനെ അറിയിച്ച അച്ചടി മെഷീൻ ഇന്ന് കൗതുകമാകുകയാണ്. അക്കാലത്ത് ഏഴ് ഏക്കർ സ്ഥലം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് പ്രസിന് വേണ്ടി മെഷീൻ യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. അന്ന് ക്രയിൻ ഉപയോഗിച്ച് അച്ചടി മെഷീൻ ഇറക്കുന്നത് കാണാൻ ധാരാളം ആളുകൾ കൂടിയിരുന്നു. ചരിത്രത്തിന്റെ ഭാഗമായ ഈ അച്ചടിയന്ത്രം ഇന്ന് അടൂരിലെ ശില മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
മലയാള പ്രസാദകരംഗത്തെ മുത്തശ്ശിയായ വീനസ് ബുക്സ് കോന്നിയിലെ ആദ്യകാല എൻജിനീയറിംഗ് ബിരുദധാരിയായ ഇ.കെ.ശേഖറും അദ്ദേഹത്തിന്റെ സഹധർമ്മിണി അടുത്തിടെ അന്തരിച്ച സുശീലശേഖറും ചേർന്നാണ് സ്ഥാപിച്ചത്. മലയാളത്തിലെ ആദ്യകാല എഴുത്തുകാരൊക്കെയും തങ്ങളുടെ സൃഷ്ടികൾ പുസ്തകരൂപത്തിലാക്കി പ്രസിദ്ധീകരിച്ചത് വീനസ് ബുക്സിലൂടെയായിരുന്നു. തകഴി, ഇ.കെ.നായനാർ, ഗുരുനിത്യ ചൈതന്യയതി, എം.പി.ചെല്ലപ്പൻ നായർ, പമ്മൻ, പെരുമ്പടവം ശ്രീധരൻ, എം.മുകുന്ദൻ, സി.പി.നായർ, വേളൂർ കൃഷ്ണൻകുട്ടി, വി.കെ.മാധവൻകുട്ടി, ജഗതി എൻ.കെ.ആചാരി, കോന്നിയൂർ മീനാക്ഷിഅമ്മ എന്നിവരുടെ കൃതികൾ പുസ്തകരൂപത്തിൽ പ്രകാശിതമായത് ഈ അച്ചടി മെഷീനിലൂടെയാണ്. പി.എൻ.പണിക്കരുടെ ഗ്രന്ഥശാല പ്രസ്ഥാനത്തിനും ആദ്യകാല ഗ്രന്ഥശാലകൾക്കും കരുത്ത് പകർന്നത് ഈ പുസ്തക പ്രസാധന സ്ഥാപനമായിരുന്നു. ഇവിടെ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഡി.സി കിഴക്കേമുറി ഡി.സി ബുക്സ് ആരംഭിക്കുന്നത്. ഇവിടെ നിന്ന് പ്രസിദ്ധീകരിച്ച 10 നോവലുകൾ പിൽക്കാലത്ത് സിനിമകളായി. ഗുരു നിത്യചൈതന്യതി സന്യാസം സ്വീകരിക്കും മുമ്പ് ജയചന്ദ്രപണിക്കർ എന്ന പേരിൽ എഴുതിയിരുന്ന കൃതികൾ ഇവിടെയാണ് പ്രിന്റ് ചെയ്തിരുന്നത്.
ഇ.കെ.ശേഖരന്റെ കൊച്ചുമകളും സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ.ജിതേഷ്‌ജിയുടെ പത്നിയുമായ ഉണ്ണിമായയുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ വീനസ് ബുക്സ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |