തിരുവനന്തപുരം: കരമനയിൽ ഹോട്ടൽ ജീവനക്കാരനെ നാലംഗ സംഘം വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്പിച്ചു. ഹോട്ടൽ ഇറാനിയിലെ കാഷ്യർ കാസർകോട് സ്വദേശി ഇബ്രാഹിം ബാദുഷയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം അർദ്ധരാത്രിയാണ് സംഭവം. ഹോട്ടലിലെ ജീവനക്കാരായ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ ജോലികഴിഞ്ഞ് റൂമിലേക്ക് പോകവെ റോഡിൽ നിന്ന നാലംഗസംഘം മർദ്ദിച്ചിരുന്നു. ഈ വിവരം ബാദുഷ കരമന പൊലീസിൽ അറിയിച്ചു. തുടർന്ന് ഇവരെ അന്വേഷിച്ച് തൊഴിലാളികളുമായി ബാദുഷ റോഡിലേക്കിറങ്ങി. കുഞ്ചാലുംമൂട്ടിൽവച്ച് ഇവരിൽ രണ്ടുപേരെ അന്യസംസ്ഥാനതൊഴിലാളികൾ തിരിച്ചറിഞ്ഞു. മർദ്ദിച്ചകാര്യം തിരക്കിയപ്പോൾ പ്രതികൾ ആദ്യം നിഷേധിച്ചെങ്കിലും നിമിഷങ്ങൾക്കകം മറ്റുരണ്ടുപേരുമായെത്തി ബാദുഷയെ വടിവാളും കത്തിയുമായി വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. ബാദുഷയുടെയും ജീവനക്കാരുടെയും ബൈക്കുകളും അക്രമികൾ അടിച്ചുതകർത്തു. വലതുകൈക്ക് ഗുരുതരമായി പരുക്കേറ്റ ഹാദുഷ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബാദുഷയുടെ കഴുത്തിനുനേരെയാണ് പ്രതികൾ വെട്ടിയത്. തടഞ്ഞപ്പോഴാണ് കൈക്ക് പരിക്കേറ്റതെന്ന് ബാദുഷ പൊലീസിൽ മൊഴി നൽകി. സംഭവത്തിൽ കരമന പൊലീസ് കേസെടുത്തു. പ്രദേശത്തെ സിസി.ടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |