തിരുവനന്തപുരം : 42ാം വയസിൽ ജീവിതത്തിൽ കൂടെകൂട്ടിയതാണ് വി.എസ് അച്യുതാന്ദൻ വസുമതിയെ. രാഷ്ട്രീയ താൽപര്യമൊന്നുമില്ലാതെ സ്‌നേഹിച്ചും പരിചരിച്ചും കൂടെയുണ്ടായ വസുമതിയമ്മ വിഎസിന്റെ രാഷ്ട്രീയ കയറ്റിറക്കങ്ങളുടെ നിശബ്ദ സാക്ഷിയായിരുന്നു. കഴിഞ്ഞ ജൂലായ് 16 നായിരുന്നു ഇരുവരുടെയും 58ാം വിവാഹ വാർഷികം. വി.എസിന്റെ മകൻ വി.എ. അരുൺകുമാർ അച്ഛന്റെയും അമ്മയുടെയും വിവാ വാർഷികത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു.
'വർഷങ്ങൾ! ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം. പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്‌നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ...' എന്ന കുറിപ്പിനൊപ്പം ദമ്പതികളുടെ പഴയകാല ഫോട്ടോയും ചേർത്തായിരുന്നു അരുണിന്റെ പോസ്റ്റ്. ദിവസങ്ങൾക്കിപ്പുറം ജൂലായ് 21ന് വൈകിട്ട് 3.20ന് വി.എസ് ജീവിതത്തിൽ നിന്ന് വിടവാങ്ങി. 1967 ജൂലായ് 16 ഞായറാഴ്ച പകൽ മൂന്നിനായിരുന്നു വി.എസിന്റെ വിവാഹം എന്നതും മറ്റൊരു യാദൃശ്ചികതയായി.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായിരിക്കുന്ന സമയത്താണ് വസുമതിയുമായുള്ള വിഎസിന്റെ വിവാഹം നടക്കുന്നത്. വിവാഹത്തിന് കതിർമണ്ഡപമുണ്ടായിരുന്നില്ല, പുടവ കൊടുത്തില്ല, നാലു കൂട്ടം പായസങ്ങളുമായുള്ള സദ്യയുമില്ലായിരുന്നു. മാലയിടൽ ചടങ്ങിന് ശേഷം നേരെ പോയത് സഹോദരിയുടെ വീട്ടിലേക്ക്. രാത്രിയോടെ വാടക വീട്ടിലേക്ക്. അമ്പലപ്പുഴ എംഎൽഎ കൂടിയായിരുന്ന വിഎസ് പുതുമണവാളന്റെ വേഷം അഴിച്ചുവച്ച് പിറ്റേന്ന് തന്നെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. മണവാട്ടിയെ സഹോദരിയുടെ വീട്ടിലാക്കിയായിരുന്നു നിയമസഭ സമ്മേളനത്തിനായുള്ള യാത്ര. രോഗാതുരനായ കമ്മ്യൂണിസ്റ്റ് നേതാവ് എൻ സുഗതനെ കണ്ടപ്പോൾ ഭാവിയിൽ കൂടെ ആരെങ്കിലും വേണമെന്ന ചിന്തയെ തുടർന്നാണ് 42ാം വയസിൽ വിഎസ് വിവാഹത്തിനെക്കുറിച്ച് ചിന്തിച്ചത്.തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഓടുമ്പോഴും വിഎസ് നല്ലൊരു കുടുംബസ്ഥനായിരുന്നു. മക്കളായ അരുൺ കുമാറും, ആശയും പിറക്കുമ്പോൾ വിഎസ് കൂടുതൽ തിരക്കുകളിലേക്ക് കടന്നിരുന്നു. കുഞ്ഞുനാളിലെ അച്ഛനോട് മക്കൾക്ക് ചില പരിഭവങ്ങളുണ്ടായിരുന്നു. അന്നത്തെ കേരള രാഷ്ട്രീയം കൂടുതൽ വിഎസിനെ ചുറ്റിപ്പറ്റിയായിരുന്നു. അതുകൊണ്ട് തന്നെ തിരക്കുകളും അതുപോലൊയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |