കൊച്ചി: വി.എസിന്റെ സമരപോരാട്ടങ്ങളിൽ കൊച്ചിയും ഒരു പ്രധാന വേദിയായിരുന്നു. സ്മാർട് സിറ്റി പദ്ധതി യാഥാർത്ഥ്യമാക്കിയത് വി.എസ്. അച്യുതാനന്ദനെന്ന പ്രതിപക്ഷ നേതാവിന്റെയും മുഖ്യമന്ത്രിയുടെയും ഇടപെടലുകളാണ്.
2005ൽ ടീ കോം കമ്പനിയുമായി കരാർ ഒപ്പിടരുതെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് ആവശ്യപ്പെട്ടു. എന്നാൽ വ്യവസ്ഥകൾ തിരുത്താതെ പദ്ധതി എന്തു വിലകൊടുത്തും നടപ്പാക്കുമെന്നായിരുന്നു ഉമ്മൻ ചാണ്ടി സർക്കാരിന്റെ നിലപാട്. വി.എസിനെയും എൽ.ഡി.എഫിനെയും വികസന വിരോധികളാക്കി ചിത്രീകരിച്ച് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടു. പക്ഷേ എൽ.ഡി.എഫ് ജയിച്ചു. വി.എസ്. മുഖ്യമന്ത്രിയായി.
2007 ഏപ്രിൽ 25ന് വ്യവസ്ഥകൾ തിരുത്തിയുള്ള പുതിയ കരാറിൽ ടീകോമിന് ഇൻഫോപാർക്ക് വിട്ടുകൊടുക്കില്ലെന്നായിരുന്നു പുതിയ വ്യവസ്ഥ. ഇൻഫോപാർക്ക് കൈവിടില്ലെന്ന വി.എസിന്റെ നിലപാട് അങ്ങനെ വിജയിച്ചു.
ജില്ലയിലെ വി.എസിന്റെ സജീവ ഇടപെടലുണ്ടായ മറ്റൊരു സംഭവം മൂലമ്പള്ളി കുടിയൊഴിപ്പിക്കൽ വേളയിലായിരുന്നു. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്കുള്ള റെയിൽപാതയ്ക്കു വേണ്ടി ആൾത്താമസമുള്ള വീടുകൾ പൊളിച്ചടുക്കിയപ്പോൾ വി.എസിന്റെ രംഗപ്രവേശം സമരക്കാർക്ക് ആവേശമായി.
ഉത്തരേന്ത്യൻ ലോബി കടമക്കുടിയിലെ പൊക്കാളിപ്പാടങ്ങൾ വിലയ്ക്കുവാങ്ങി നികത്താൻ ശ്രമിച്ചപ്പോഴും വി.എസിന്റെ ഇടപെടൽ അതിനെ പരാജയപ്പെടുത്തി. എം.ജി റോഡിലെ റവന്യൂ ഭൂമി കൈയേറ്റത്തിനെതിരായ പൊളിക്കൽ ദൗത്യവും വി.എസിന്റെ മൂന്നാർ ദൗത്യത്തിനൊപ്പം നടന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |