കോഴിക്കോട്: സമയക്കുറവ്, ഗതാഗതക്കുരുക്ക് ... കാരണങ്ങൾ പലതെങ്കിലും ബസുകളുടെ മരണപ്പാച്ചിലിൽ റോഡിൽ പൊലിഞ്ഞത് 12 ജീവനുകൾ. ആറ് മാസത്തിനിടെ കോഴിക്കോട് സിറ്റി പരിധിയിൽ ഉണ്ടായ 149 ബസ് അപകടങ്ങളിലാണ് ഇത്രയും ജീവനുകൾ നഷ്ടമായത്. 172 പേർക്ക് പരിക്കേറ്റു. അപകടങ്ങൾക്ക് പിന്നാലെ പരിശോധന നടക്കാറുണ്ടെങ്കിലും ദിവസങ്ങൾക്കകം എല്ലാം അവസാനിക്കും. പരിശോധനയിലും ശിക്ഷയിലും നടക്കുന്ന വെള്ളം ചേർക്കലാണ് അപകടങ്ങൾ തുടർക്കഥയാവാൻ കാരണമെന്നാണ് ഉയരുന്ന ആരോപണം. ബസുകളുടെ മത്സര ഓട്ടവും ഡ്രൈവർമാരുടെ അശ്രദ്ധയും അപകടങ്ങളിലേക്ക് വഴിവെട്ടുന്നു. നടുറോഡിൽ ആളെ ഇറക്കുന്നതും ഇടതുവശം ചേർന്ന് ഓവർടേക്ക് ചെയ്യുന്നതുമടക്കം അപകടങ്ങളിലേക്ക് നയിക്കുന്ന ബസ് ജീവനക്കാരുടെ 'ക്രൂരവിനോദം' വേറെയുമുണ്ട്. വളവുകളിൽ നിന്നും കയറ്റിറക്കങ്ങളിൽ നിന്നുമുള്ള അമിതവേഗം നിയന്ത്രണം വിട്ടുള്ള അപകടങ്ങളിലേക്കാണ് നയിക്കുന്നത്. 2020 മുതൽ 2025 ജൂൺ വരെയുള്ള അഞ്ചു വർഷത്തിനിടെ കോഴിക്കോട് സിറ്റി പരിധിയിൽ മാത്രം ബസ് അപകടങ്ങളിൽ മരിച്ചത് 123 പേരാണ്.
വർഷം - ബസ് അപകടങ്ങൾ - മരണം - പരിക്ക്
2020 - 54 - 6 - 45
2021 - 112 - 10 -90
2022 - 215 - 29 - 95
2023 - 304 - 33 - 271
2024 - 334 - 33 - 320
ഒരു കിലോമീറ്റർ മൂന്ന് മിനിറ്റ് !
ഒരു കിലോമീറ്റർ ദൂരം മൂന്നു മിനിറ്റ് കൊണ്ട് ഓടി എത്തണമെന്നാണ് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം. മിനിറ്റുകളുടെ വ്യത്യാസത്തിൽ മത്സരയോട്ടം നടത്തുമ്പോൾ സ്റ്റോപ്പ് എത്തിയാൽ പോലും നിർത്തി ആളെ കയറ്റാൻ കഴിയാത്ത സ്ഥിതിയാണ്. എല്ലാ ബസ് സ്റ്റോപ്പുകളിലും നിർത്തി യാത്രക്കാരെ കയറ്റിയാൽ സമയം നഷ്ടപ്പെടും. റോഡ് നവീകരണമുൾപ്പെടെ നടക്കുന്നതിനാൽ പലയിടത്തും വലിയ ഗതാഗതക്കുരുക്കാണ്. അതിനെ മറികടക്കാനാണ് പിന്നീടുള്ള ഓട്ടം. ഇത് ഒഴിവാക്കാൻ പെർമിറ്റിലെ സമയക്രമം പരിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.
'' ബസുകളുടെ സമയക്രമീകരണം സംബന്ധിച്ച് നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. എല്ലാവർക്കും കൂടുതൽ യാത്രക്കാർ നിരത്തിലിറങ്ങുന്ന സമയത്ത് സർവീസ് സമയം അനുവദിക്കാൻ സാധിക്കില്ല. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി സിറ്റി പരിധിയിൽ പലയിടത്തും റോഡിൽ കട്ടിങ്ങുകളാണ് . ഇത് പലപ്പോഴും അപകടങ്ങൾക്കും ബ്ലോക്കിനും കാരണമാകുന്നു. ബസുകളുടെ മത്സരയോട്ടത്തിൽ പരിശോധന നടക്കുന്നുണ്ട് . ദിവസവും പത്തിലധികം ബസുകൾക്കാണ് പിഴ ഈടാക്കുന്നത്. ആറോളം കേസുകളും രജിസ്റ്റർ ചെയ്യുന്നു.
- സജി കുമാർ (കോഴിക്കോട് സിറ്റി ട്രാഫിക് എസ് .ഐ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |