കാസർകോട്: താമസം, ചികിത്സ, വിവിധ തെറാപ്പികൾ, ഉപജീവനോപാധി കണ്ടെത്താൻ സഹായം, തൊഴിൽ, നൈപുണ്യ പരിശീലനം എന്നിങ്ങനെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കി, ദുരിത ബാധിതരുടെ സമഗ്ര വികസനവും പുനരധിവാസം ലക്ഷ്യമിട്ട് സാമൂഹ്യ നീതി വകുപ്പിന്റെ സംരംഭം. ഇതിനായി സഹജീവനം സ്നേഹഗ്രാമത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പ്ലാന്റേഷൻ കോർപറേഷൻ നഷ്ടപരിഹാരമായി മുളിയാർ ഗ്രാമ പഞ്ചായത്തിൽ അനുവദിച്ച 25 ഏക്കർ സ്ഥലത്താണ് സ്‌നേഹഗ്രാമം ഒരുങ്ങുന്നത്. നാലുഘട്ടങ്ങളിലായി പൂർത്തീകരിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു കഴിഞ്ഞ വർഷം ഫെബ്രുവരി 29നു നിർവഹിച്ചു. കൺസൾട്ടിംഗ്, ഹൈഡ്രോതെറാപ്പി, ക്ലിനികൽ സൈക്കൊളജി ബ്ലോക്കുകളുടെ നിർമ്മാണം ആദ്യഘട്ടത്തിൽ നടന്നു. രണ്ടാം ഘട്ടത്തിൽ നിലവിലുള്ള സേവനങ്ങൾ വിപുലീകരിക്കുകയും തൊഴിൽ പരിശീലനവും താമസ സൈകര്യവും ഒരുക്കുകയും ചെയ്യും. രണ്ടാം ഘട്ടം കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി വിപുലീകരിക്കും. ചികിത്സയ്‌ക്കെത്തുന്ന ദുരിതബാധിതരുടെ യാത്ര അസൗകര്യങ്ങൾ പരിഹരിക്കാൻ സി.എച്ച് കുഞ്ഞമ്പു എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ദിവസവും 30ൽ കുറയാത്ത ആളുകൾക്കുള്ള സേവനം സജ്ജമാണെങ്കിലൂം 40 മുതൽ 55 വരെ ഗുണഭോക്താക്കൾ പ്രതിദിനം പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
സ്‌നേഹഗ്രാമത്തിന്റെ സേവനം
ഭിന്നശേഷി മുൻകൂട്ടി കണ്ടെത്തി പ്രാരംഭ നടപടികൾ എടുക്കുക, വിവിധ തെറാപ്പികൾ നൽകുക, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, സോഷ്യൽ വർക്കർ എന്നിവരുടെ സേവനം ലഭ്യമാക്കുക, സ്വന്തമായി തൊഴിൽ കണ്ടെത്താനുള്ള സഹായങ്ങളും തൊഴിൽ, നൈപുണ്യ പരിശീലനവും നൽകുക, ദുരിതബാധിതർക്കും കുടുംബാംഗങ്ങൾക്കും താമസിക്കാനുള്ള റെസ്‌പൈറ്റ് ഹോമുകൾ നൽകുക എന്നിങ്ങനെ ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ,പുനരധിവാസ മേഖലകളെ ഉൾക്കൊള്ളുന്നതാണ് സ്‌നേഹഗ്രാമത്തിന്റെ സേവനം.
പദ്ധതിയുടെ നാലുഘട്ടങ്ങളും പൂർത്തിയാകുന്നതോടെ ദേശീയ നിലവാരമുള്ള പുനരധിവാസ കേന്ദ്രമായി സ്‌നേഹഗ്രാമം മാറും
ആര്യ പി. രാജ്, കാസർകോട് ജില്ലാ സാമൂഹ്യ നീതി ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |