തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അവസാനമായി ഒരുനോക്ക് കാണാൻ തിരുവനന്തപുരം ലോ കോളേജ് ജംഗ്‌ഷനിലെ വേലിക്കകത്ത് വീട്ടിൽ ആയിരങ്ങളാണ് അതിരാവിലെയും ഒഴുകിയെത്തുന്നത്. സാധാരണക്കാരും പാർട്ടി നേതാക്കളും പ്രവർത്തകരുമടക്കം അനേകംപേർ അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നു. രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. ഇതിനായുള്ള ക്രമീകരണങ്ങൾ അവസാനഘട്ടത്തിലാണ്.
വി എസ് അച്യുതാനന്ദന്റെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് ഭാഗത്തേയ്ക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നവർ പുളിമൂട്, ഹൗസിംഗ് ബോർഡ് ജംഗ്‌ഷൻ, രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളിൽ ഇറങ്ങിയതിനുശേഷം ദർബാർ ഹാളിലേയ്ക്ക് പോകണം. പൊതുദർശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങൾ യൂണിവേഴ്‌സിറ്റി ക്യാമ്പസ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി പാർക്കിംഗ് ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം ഗ്രൗണ്ട്, ടാഗോർ തിയേറ്റർ ഗ്രൗണ്ട്, തൈക്കാട് പിറ്റിസി ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. വലിയ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ട്, കവടിയാറിലെ സാൽവേഷൻ ആർമി ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം. മറ്റിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അനുവദിക്കില്ല. വിലാപയാത്ര കടന്നുപോകുന്നയിടങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കില്ല. ഗതാഗത തിരക്ക് അനുഭവപ്പെട്ടാൽ വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്ന് പൊലീസ് അറിയിച്ചു. ട്രാഫിക് ക്രമീകരണങ്ങൾ അറിയാൻ 0471-2558731, 9497930055 നമ്പറുകളിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |