പാറശാല: നമുക്ക് മാത്രമായി ഒരു പഞ്ചായത്ത് വേണം എന്ന ആവശ്യവുമായി പരശുവയ്ക്കൽ വില്ലേജിലെ ജനങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ട് കഴിഞ്ഞു. രണ്ട് വില്ലേജുകൾ ഉൾപ്പെടുന്ന കേരളത്തിലെ ചുരുക്കം ചില പഞ്ചായത്തുകളിൽ (പാറശാല, പരശുവയ്ക്കൽ വില്ലേജുകൾ) ഒന്നാണ് പാറശാല പഞ്ചായത്ത്. 80,0000ലേറെ ജനസാന്ദ്രതയുള്ളതുകൊണ്ട് 24 വാർഡുകൾ ഉൾപ്പെടുന്ന എഗ്രേഡ് പഞ്ചായത്തിൽ ഇപ്പോൾ വാർഡ് വിഭജനത്തെ തുടർന്ന് പുത്തൻകട വാർഡുകൂടി വന്നതോടെ എണ്ണം 25 ആയി ഉയർന്നു.
വിസ്തീർണ്ണത്തിനും ജനസാന്ദ്രതയ്ക്കും പുറമെ വരുമാനത്തിലും വിഭവസമൃദ്ധിയിലും ഒരു നഗരസഭയെ വെല്ലുന്നതാണെന്നു മാത്രമല്ല ഭരണനിർവഹണ കാര്യത്തിലെ ബുദ്ധിമുട്ടുകളും കാരണമാണ് പാറശാല പഞ്ചായത്തിനെ രണ്ടു പഞ്ചായത്തുകളായി വിഭജിക്കണമെന്ന ആവശ്യവുമായി പരശുവയ്ക്കൽ വില്ലേജിലെ നാട്ടുകാർ മുന്നോട്ടുവന്നത്. ഭരണ സംവിധാനങ്ങൾ നടപ്പാക്കുന്നതിലെ വീഴ്ചകളും അർഹിക്കുന്ന പ്രാതിനിദ്ധ്യം ലഭിക്കുന്നില്ലെന്ന പരാതിയുമാണ് പുതിയ പഞ്ചായത്ത് സ്ഥാപിക്കണമെന്ന ആവശ്യത്തിന് പിന്നിൽ. വിഷയം സർക്കാരിന്റെ മുന്നിലെത്തിയതോടെ ഗൗരവമായി പരിഗണിച്ച് പഠനം നടത്തിയെങ്കിലും ചില സാങ്കേതിക താത്പര്യങ്ങൾ കാരണം പിന്നീട് നിരസിക്കുകയായിരുന്നു.
ആവശ്യങ്ങൾ അംഗീകരിക്കാതെ
സർക്കാർ അവഗണനകൾക്കെതിരെ പരശുവയ്ക്കലിലെ നാട്ടുകാർ ഒറ്റക്കെട്ടായി പൗരസമിതി രൂപീകരിച്ച് പ്രതിഷേധസമര പരിപാടികളുമായി രംഗത്തുവന്നെങ്കിലും ഫലമുണ്ടില്ല. പരശുവയ്ക്കൽ സ്വദേശിയായ അഡ്വ.മോഹൻകുമാറിന്റെ നേതൃത്വത്തിൽ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു, കോടതി ആവശ്യം അംഗീകരിച്ചു. വിഭജനത്തിലൂടെ കേരളത്തിൽ ഇനി പുതിയൊരു പഞ്ചായത്ത് സ്ഥാപിക്കുന്നപക്ഷം അതിൽ ആദ്യത്തേത് പരശുവയ്ക്കൽ പഞ്ചായത്ത് ആയിരിക്കണമെന്നും ഉത്തരവുണ്ടായി. തുടർന്ന് രണ്ട് തിരഞ്ഞെടുപ്പുകൾ നടന്നെങ്കിലും പുതിയ പഞ്ചായത്തുകൾ സ്ഥാപിക്കാനായില്ല.
പ്രധാന പരാതി
പരശുവയ്ക്കൽ പഞ്ചായത്ത് സ്ഥാപിക്കണമെന്നത് കഴിഞ്ഞ 30 വർഷത്തിലേറെ കാലമായുള്ള ജനങ്ങളുടെ ആവശ്യമാണ്. പാറശാല പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ പരശുവയ്ക്കൽ മേഖലയിലുള്ളവർക്ക് അർഹിക്കുന്ന പ്രാതിനിദ്ധ്യം ലഭിക്കുന്നില്ലെന്നതാണ് നാട്ടുകാരുടെ പ്രധാന പരാതി.
പരാധീനതകൾക്കു നടുവിൽ
കൂടുതൽ കർഷകരും കാർഷിക ഭൂമികളും ഉൾപ്പെടുന്ന ഗ്രാമപ്രദേശം, കൂടുതൽ പി.ഡബ്ല്യു.ഡി റോഡുകൾ ഉൾപ്പെടുന്ന മേഖല, ഇതൊക്കെയാണെങ്കിലും കാർഷികവിളകൾ വിറ്റഴിക്കുന്നതിനുള്ള മാർക്കറ്റ് ഇവിടെ ഇല്ല. ഒരു സർക്കാർ എൽ.പി സ്‌കൂളിന് പുറമെ സ്വകാര്യ മേഖലയിലെ ഒരു യു.പി സ്‌കൂളും മാത്രമുള്ള പ്രദേശമാണ് പരശുവയ്ക്കൽ. കുട്ടികൾക്കായി ഒരു കളിസ്ഥലവുമില്ല. ദേശീയപാതയോരത്തായി നാട്ടുകാർക്ക് ഏറെ പ്രയോജനകരമായിരുന്ന പാറശാല പഞ്ചായത്ത് വകയായ പൊന്നംകുളം ഉണ്ടെങ്കിലും ഉപയോഗശൂന്യമായ നിലയിൽ അവശേഷിക്കാൻ തുടങ്ങിയിട്ട് പതിനഞ്ച് വർഷം പിന്നിടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |