വിതുര: വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യാത്രാക്ലേശം ഇരട്ടിച്ചതായി പരാതി. അശാസ്ത്രീയമായ ഓപ്പറേറ്റിംഗ് രീതിയും സർവീസുകളുടെ വെട്ടിച്ചുരുക്കലുമാണ് യാത്രാദുരിതം വർദ്ധിക്കാൻ കാരണമായത്.
നിലവിൽ നെടുമങ്ങാട് വിതുര റൂട്ടിലാണ് ഏറ്റവും കൂടുതൽ യാത്രാക്ലേശം. ആര്യനാട് വിതുര, പാലോട് വിതുര,പൊൻമുടി, കല്ലാർ പേപ്പാറ റൂട്ടുകളിലെ അവസ്ഥയും വിഭിന്നമല്ല. രാവിലെയും വൈകിട്ടുമാണ് യാത്രാപ്രശ്നം. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ സർവീസുകൾ അയച്ച് പ്രശ്നം പരിഹരിക്കുന്നതിന് പകരം ഡിപ്പോ മേധാവികൾ നിരുത്തരവാദപരമായി പെരുമാറുന്നതായാണ് ആക്ഷേപം.
വൈകുന്നേരങ്ങളിൽ നെടുമങ്ങാട് ഡിപ്പോയിൽ നിന്നും വിതുരയിലേക്കുള്ള ബസുകളിൽ കയറണമെങ്കിൽ ഇടിയും തൊഴിയും കൊള്ളണം. ബസ് കാത്ത് മണിക്കൂറുകളോളം നിൽക്കേണ്ട സ്ഥിതിയുമാണ്. വിതുര,തൊളിക്കോട്,മന്നൂർക്കോണം,ആനപ്പാറ,കല്ലാർ,ബോണക്കാട്,പേപ്പാറ,പൊൻമുടി മേഖലകളിലുള്ള വിദ്യാർത്ഥികൾക്ക് ബസ് കിട്ടാത്തതുമൂലം നിശ്ചിതസമയത്ത് വീടുകളിലെത്താൻ കഴിയാത്തതായും പരാതിയുണ്ട്.
കളക്ഷൻകൂടി
വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ വരുമാനത്തിൽ വൻ വർദ്ധനയുണ്ട്. പ്രതിദിനകളക്ഷൻ ആറരലക്ഷം പിന്നിട്ടു. ആദ്യമായാണ് ഡിപ്പോ ഇത്രയധികം കളക്ഷൻ സ്വന്തമാക്കുന്നത്. ഇതര വരുമാനംകൂടി കൂട്ടുമ്പോൾ ഏഴ് ലക്ഷത്തോളം വരും. കൊവിഡുകാലത്ത് നിറുത്തലാക്കിയ സർവീസുകളും, ചെയിൻസർവീസും, വാഗ്ദാനം നടത്തിയ ദീർഘദൂരസർവീസുകളും ആരംഭിച്ചാൽ കളക്ഷൻ 10 ലക്ഷമായി ഉയരും. മലയോരമേഖലയിലെ മറ്റ് ഡിപ്പോകളിലും കളക്ഷൻ വർദ്ധിച്ചിട്ടുണ്ട്.
ചെയിൻസർവീസ് ആരംഭിക്കണം
നിലവിൽ നെടുമങ്ങാട് വിതുര റൂട്ടിൽ നിലനിൽക്കുന്ന യാത്രാക്ലേശം പരിഹരിക്കാൻ ചെയിൻസർവീസ് തുടങ്ങണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. അരമണിക്കൂർവീതം ഇടവിട്ട് വിതുരയിൽ നിന്നും നെടുമങ്ങാട്ടേക്കും നെടുമങ്ങാട് നിന്നും വിതുരയിലേക്കും സർവീസ് നടത്തിയാൽ യാത്രാപ്രശ്നം പരിഹരിക്കാനാകും. നേരത്തേ ചെയിൻസർവീസ് നടത്തിയിരുന്നപ്പോൾ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മാത്രമല്ല അന്ന് സ്വകാര്യസർവീസുകളും ഉണ്ടായിരുന്നു. ചെയിൻസർവീസ് തുടങ്ങിയപ്പോൾ സ്വകാര്യവാഹനങ്ങൾ സർവീസ് നിറുത്തലാക്കി.അടുത്തടുത്തായി നെടുമങ്ങാട്,ആര്യനാട്,വിതുര,പാലോട് എന്നീ ഡിപ്പോകൾ പ്രവർത്തിച്ചിട്ടും യാത്രാക്ലേശത്തിന് പരിഹാരമാകുന്നില്ല.
ഞായറാഴ്ച ഡ്രൈഡേ
ഞായറാഴ്ചകളിൽ ഡിപ്പോകളിൽനിന്നും സർവീസുകളുടെ എണ്ണം വെട്ടിച്ചുരുക്കുന്ന രീതി തുടരുകയാണ്. മിക്ക ഡിപ്പോകളിൽനിന്നും ഫാസ്റ്റ് ഉൾപ്പെടെയുള്ള ബസുകൾ സർവീസ് നടത്താറില്ല. ദീർഘദൂരസർവീസുകളും വെട്ടിച്ചുരുക്കും. കൊവിഡിനു ശേഷമാണ് ഇങ്ങനെ ആരംഭിച്ചത്.
നെടുമങ്ങാട്,വിതുര,ആര്യനാട്,പാലോട് റൂട്ടുകളിൽ നിലനിൽക്കുന്ന യാത്രാപ്രശ്നത്തിന് പരിഹാരം കാണാൻ അടിയന്തരമായി ചെയിൻ സർവീസ് ആരംഭിക്കണം.ഞായറാഴ്ചകളിൽ മുഴുവൻ സർവീസും നടത്തണം. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കും.
ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റി ഭാരവാഹികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |