പാലക്കാട്: പഠനാവശ്യങ്ങൾക്കുവേണ്ടി പല ആപ്പുകൾക്കും പിറകേപോയി വിദ്യാർത്ഥികളാരും ഇനി ആപ്പിലാകേണ്ട. സുരക്ഷിതമായും സൗജന്യമായും എല്ലാവിഷയവും പഠിക്കാൻ സൗകര്യമൊരുക്കി സമഗ്ര പ്ലസ് കൂടെയുണ്ട്. വിദ്യാഭ്യാസരംഗത്ത് ഡിജിറ്റൽ പഠനാനുഭവം ഒരുക്കുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷന് കീഴിൽ കൈറ്റ് വികസിപ്പിച്ചെടുത്ത ഓൺലൈൻ പഠന പ്ലാറ്റ്ഫോമാണ് സമഗ്ര ഇ-റിസോഴ്സ് പോർട്ടൽ. എല്ലാ വിഷയങ്ങളുടെയും ഡിജിറ്റൽ റിസോഴ്സുകളുള്ള ശേഖരത്തോടൊപ്പം ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം കൂടിയാണ് സമഗ്ര പ്ലസ് പോർട്ടൽ. പഠനവിഭവങ്ങൾ, ഡിജിറ്റൽ പി.ഡി.എഫ് പാഠപുസ്തകങ്ങൾ, മാതൃകാ ചോദ്യപേപ്പറുകൾ, ചോദ്യ ബാങ്കുകൾ, പോഡ് കാസ്റ്റുകൾ എന്നിവ സൗജന്യമായി ലഭിക്കും.
പഠനമുറി
പാഠഭാഗങ്ങൾ വീഡിയോകളിലൂടെയും ഇൻട്രാക്ടീവ് വിഭവങ്ങളിലൂടെയും പഠിക്കാനും പരിശോധിക്കാനും പോർട്ടലിലെ ഭാഗമാണ് ലേണിംഗ് റൂം. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ സമയത്ത് ലേണിംഗ് റൂം ഉപയോഗപ്പെടുത്താം. വിദഗ്ധർ തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പറുകൾ ഓരോ ടേമിലെയും ലഭ്യമാണ്. ഇവ ഉപയോഗിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കാം. അദ്ധ്യാപകർക്ക് ക്ലാസ് ടെസ്റ്റുകൾക്കും മറ്റും ചോദ്യപേപ്പറുകൾ ഇതുവഴി തയ്യാറാക്കാം.
ടീച്ചിംഗ് പ്ലാൻ
അദ്ധ്യാപകർക്ക് സമഗ്രയിൽ ലോഗിൻ ചെയ്ത് ക്ലാസുകളിൽ അവതരിപ്പിക്കാനുള്ള ടീച്ചിംഗ് പ്ലാനുകൾ തയ്യാറാക്കാൻ സൗകര്യമുണ്ട്. വീഡിയോകൾ, അനിമേഷനുകൾ, സിമുലേഷനുകൾ, ഇൻസ്ട്രക്ടീവ് ടൂളുകൾ, പ്രസന്റേഷൻ തുടങ്ങിയവ ക്ലാസിൽ അവതരിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. പാഠാസൂത്രണങ്ങൾ പ്രധാനാധ്യപകർക്ക് ഓൺലൈനായി സമർപ്പിക്കാനും അംഗീകാരം വാങ്ങാനുമാകും.
ക്ലാസ് നിരീക്ഷണവും ഡിജിറ്റൽ
പ്രധാനാദ്ധ്യാപകർക്ക് സ്‌കൂളിലും ക്ലാസ് മുറികളിലും നടക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും അവ രേഖപ്പെടുത്താനുള്ള സൗകര്യവും സമഗ്ര പ്ലസിലുണ്ട്. ഇതോടെ പ്രധാനാധ്യാപകരുടെ ക്ലാസ് നിരീക്ഷണവും റിപ്പോർട്ടിങ്ങുമെല്ലാം പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. വിദ്യാഭ്യാസ ഓഫീസർമാരുടെ സ്‌കൂൾ സന്ദർശനവും പരിശോധനകളുമെല്ലാം സമഗ്രയിലൂടെ റിപ്പോർട്ട് ചെയ്യാനാകും. അക്കാദമിക മോണിറ്ററിങ് കൃത്യവും സുതാര്യവുമാക്കാനും കഴുയും. പാഠപുസ്തകങ്ങളും വിഭവങ്ങളും മലയാളം, ഇംഗ്ലീഷ് ഭാഷകളിലും തയ്യാറാക്കിയിട്ടുണ്ട്. തമിഴ്, കന്നട ഭാഷകളിൽ തയ്യാറായിവരുന്നു. ഈ വിഭവങ്ങളെല്ലാം ഡൗൺലോഡ് ചെയ്ത് ഓഫ് ലൈനായി ഉപയോഗിക്കാം എന്നതും സമഗ്രയുടെ സവിശേഷതയാണ്. ഇന്റർനെറ്റ് ഇല്ലാത്ത മേഖലകളിലും സമഗ്രവഴിയുള്ള പഠനം തടസപ്പെടാതിരിക്കാൻ ഇത് സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |