തൃശൂർ: എം.ജി റോഡ് വികസനം എത്രയും പെട്ടന്ന് നടപ്പാക്കുമെന്ന് മേയർ എം.കെ.വർഗീസ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായില്ല. സ്ഥലം വിട്ടുകൊടുത്ത് വികസനം നടത്താൻ വ്യാപാരികൾ തയ്യാറായപ്പോൾ കോർപറേഷൻ പിൻമാറുന്നതിന്റെ പിന്നിലെ ദുരൂഹതയാണ് ഇപ്പോൾ ചർച്ച. വികസനം നടത്താൻ മലബാർ ഗോൾഡ് ഉടമ തങ്ങളുടെ സ്ഥാപനത്തിന്റെ മുന്നിലുള്ള അര സെന്റ് ഭൂമി സൗജന്യമായി കോർപറേഷന് നൽകാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ നാളിതുവരെയായി കോർപറേഷൻ എം.ജി റോഡ് വികസനം നടത്താൻ തയ്യാറായിട്ടില്ല. ഈ മാസം ആദ്യം എം.ജി റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോൾ വീണ് യുവാവ് മരണപ്പെടുകയും അമ്മയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ തുടർന്ന് വൻ പ്രതിഷേധം ഉയർന്നിരുന്നു. കുഴിയടച്ചതല്ലാതെ റോഡിലെ ഗതാഗത പ്രശ്‌നത്തിന് ശാശ്വത പരിഹാരമായ വികസനം നടത്താൻ കോർപറേഷൻ തയ്യാറായില്ല.
തിരഞ്ഞെടുപ്പ് ലക്ഷ്യം
എം.ജി റോഡ് വികസനം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനുള്ള നീക്കമാണിപ്പോൾ നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ വികസനം ആരംഭിക്കുമെന്ന മേയറുടെ പ്രഖ്യാപനം തടഞ്ഞത് സി.പി.എം നേതൃത്വമാണെന്നാണ് പറയുന്നത്. വികസനം കോർപറേഷൻ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടക്കമിട്ടാൽ മതിയെന്ന് നിർദ്ദേശം വന്നുവന്നാണ് സംസാരം. എന്നാൽ, പാർട്ടി ഇത്തരത്തിൽ നിർദ്ദേശം നൽകിയിട്ടില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.
വ്യാപാരികൾ അനുകൂലം
റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ച് വ്യാപാരികളുമായി കോർപറേഷൻ ചർച്ച ചെയ്തിരുന്നു. കൗൺസിലർ അനൂപ് ഡേവിസ് കാടയുടെ നേതൃത്വത്തിലായിരുന്നു ചർച്ച. പ്രവർത്തനം തുടങ്ങുമെന്ന് വ്യാപാരികൾക്ക് ഉറപ്പും നൽകി. ഇപ്പോൾ തുടങ്ങുമെന്ന് പറഞ്ഞു പോയ കോർപറേഷൻ ഭരണാധികാരികളെ പിന്നെ കാണാനില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
തീരുമാനിച്ചു, പക്ഷേ നടപ്പാക്കിയില്ല
പടിഞ്ഞാറെകോട്ടയിൽ നിന്ന് പാറയിൽ കടയുടെ സമീപത്ത് വരെ റോഡ് വീതി കൂട്ടാനായിരുന്നു തീരുമാനം. സ്ഥലം നഷ്ടപ്പെടുന്ന പത്തോളം വ്യാപാരികൾക്ക് ശക്തനിൽ പണിതിട്ടിരിക്കുന്ന മുറികൾ നൽകുന്നതിലും തീരുമാനമെടുത്തിട്ടുണ്ട്. സ്വരാജ് റൗണ്ടിൽ നിന്നും 2.9 കിലോമീറ്റർ നീളത്തിൽ 21 മീറ്റർ വീതിയിലാണ് റോഡ് വികസനം. ഓവർബ്രിഡ്ജിന്റെ നിർമ്മാണത്തെ സംബന്ധിച്ച് നടപടികളൊന്നുമെടുത്തിട്ടില്ല. രാജൻ പല്ലന്റെ കാലത്ത് നിർമ്മാണച്ചെലവ് മുഴുവൻ സി.കെ.മേനോൻ വഹിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ഭരണം മാറിയതോടെ വികസനം വഴിമുട്ടി. സി.കെ.മേനോൻ മരണപ്പെട്ടതോടെ ആ വാഗ്ദാനത്തിന്റെ കാര്യത്തിൽ തീരുമാനം വരേണ്ടതുണ്ട്.
നഷ്ടമാക്കിയത് പത്ത് വർഷം: രാജൻ പല്ലൻ
താൻ മേയറായിരുന്ന കാലത്ത് തുടക്കമിട്ട എം.ജി റോഡ് വികസനം കഴിഞ്ഞ പത്ത് വർഷമായി ഇപ്പോൾ ഭരിക്കുന്ന കോർപറേഷൻ ഭരണാധികാരികളാണ് ഇല്ലാതാക്കിയത്. അന്ന് പല വ്യാപാരികളുമായും ചർച്ച ചെയ്ത് സ്ഥലം ഏറ്റെടുക്കുകയും സ്വരാജ് റൗണ്ടിനോട് ചേർന്ന് നടുവിലാൽ ജംഗ്ഷൻ വികസിപ്പിക്കുകയും ചെയ്തു. ഭരണം നഷ്ടമായതോടെ അത് നിലച്ചു. പിന്നീട് അധികാരത്തിൽ വന്ന ഇടതുപക്ഷം എം.ജി റോഡ് വികസനം നടത്താൻ തയ്യാറായില്ല. അതോടെ സ്ഥലം സൗജന്യമായി വിട്ടുതരാമെന്ന് പറഞ്ഞവർ പോലും പിൻമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |