കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോ റെയിലിലുമുണ്ട് വി.എസ് അച്യുതാനന്ദൻ എന്ന ഭരണാധികാരിയുടെ ദീർഘദർശനത്തിന്റെ കൈയൊപ്പ്. സ്വകാര്യ പങ്കാളിത്തം ഒഴിവാക്കി പൂർണമായും കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായി മെട്രോ നിർമ്മിച്ചത് വി.എസിന്റെ ഇടപെടലിന്റെ ഫലമായാണ്.
സർക്കാരിനൊപ്പം സ്വകാര്യ മേഖലയുടെ പങ്കാളിത്തം (പി.പി.പി) കൂടി സ്വീകരിക്കുന്ന പദ്ധതിയാണ് കൊച്ചി മെട്രോയ്‌ക്ക് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) തയ്യാറാക്കിയത്. സർക്കാരും അനുകൂല നിലപാടാണ് ആദ്യം സ്വീകരിച്ചത്.
2006ൽ വി.എസ്. മുഖ്യമന്ത്രിയായപ്പോൾ മെട്രോ പദ്ധതി വീണ്ടും ചർച്ചയായി. സ്വകാര്യ പങ്കാളിത്തം വേണമെന്ന നിർദ്ദേശത്തോട് അദ്ദേഹം വിയോജിച്ചു. ഡൽഹി ഉൾപ്പെടെ മറ്റൊരു മെട്രോയിലും ഇല്ലാത്ത സ്വകാര്യപങ്കാളിത്തം അദ്ദേഹത്തിനും എൽ.ഡി.എഫ് സർക്കാരിനും സ്വീകാര്യമായില്ല. സ്വകാര്യമേഖലയുടെ സമ്മർദ്ദം ഭാവിയിലുണ്ടാക്കാവുന്ന പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ വി.എസ് സർക്കാർ പൊതുമേഖലയിൽ തന്നെ മെട്രോ നിർമ്മിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പി.പി.പി മോഡലിൽ കേന്ദ്രസർക്കാർ അംഗീകാരത്തിന് പദ്ധതി റിപ്പോർട്ട് മുൻ സർക്കാർ സമർപ്പിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തിൽ നടപ്പാക്കാൻ പദ്ധതി റിപ്പോർട്ട് കേന്ദ്രം മടക്കിനൽകി. ഗതാഗത വകുപ്പിന്റെ പക്കലെത്തിയ റിപ്പോർട്ട് അന്നത്തെ ഉന്നതഉദ്യോഗസ്ഥൻ നടപടിയെടുക്കാതെ സൂക്ഷിച്ചു. ഡി.എം.ആർ.സി ഉൾപ്പെടെ ഇടപെട്ടിട്ടും എട്ടുമാസത്തോളം ഫയൽ അനങ്ങിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി 'കേരളകൗമുദി" വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട വി.എസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി. രണ്ടാഴ്ച കഴിഞ്ഞു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പദ്ധതി റിപ്പോർട്ട് പരിഷ്‌കരിച്ച് സമർപ്പിച്ചിരിക്കണമെന്ന് കർക്കശമായ നിർദ്ദേശം നൽകി. ഫയൽ പിടിച്ചുവച്ചതിന് ശക്തമായി ശാസിക്കുകയും ചെയ്‌തു. പറഞ്ഞസമയത്ത് ലഭിച്ച റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ച് കേന്ദ്രാനുമതിക്ക് സമർപ്പിച്ചു. പിന്നാലെയാണ് അനുമതികൾ നേടി മെട്രോ പൊതുമേഖലയിൽ യാഥാർത്ഥ്യമായത്.
ഇൻഫോപാർക്കിന്റെ സംരക്ഷകൻ
കാക്കനാട്ടെ ഇൻഫോപാർക്ക് പൊതുമേഖലയിൽ നിലനിൽക്കുന്നതിന്റെ പിന്നിലും വി.എസിന്റെ കർശന നിലപാടാണ് കാരണമായത്. സ്‌മാർട്ട്സിറ്റി പദ്ധതിക്കായി ദുബായ് ടീകോം കമ്പനി ഉന്നയിച്ച വ്യവസ്ഥയിലൊന്ന് ഇൻഫോപാർക്ക് വിട്ടുനൽകണം എന്നായിരുന്നു. യു.ഡി.എഫ് സർക്കാർ നിർദ്ദേശം തത്വത്തിൽ അംഗീകരിക്കുകയും ചെയ്‌തിരുന്നു.
വി.എസ് മുഖ്യമന്ത്രിയായതോടെ ഇൻഫോപാർക്ക് വിട്ടുനൽകാനാവില്ലെന്ന നിലപാട് സ്വീകരിച്ചു. ടീകോമിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ അദ്ദേഹം തയ്യാറായില്ല. ഇൻഫോപാർക്ക് വിട്ടുകൊടുത്ത കരാറാണ് ഒപ്പിട്ടത്. രണ്ടുഘട്ട വികസനവും ചേർത്തലയിലും കൊരട്ടിയിലും ഉപ ക്യാമ്പസുകളുമായി ഇൻഫോപാർക്ക് വളർച്ചയുടെ കുതിപ്പ് തുടരുകയാണ്. സ്‌മാർട്ട്സിറ്റി പദ്ധതിയാകട്ടെ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |