തിരുവനന്തപുരം: ഡിസംബറിൽ നടക്കാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയുടെ കരട് ഇന്ന് പുറത്തിറക്കും.ജനസംഖ്യാടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ പുനർനിർണയിച്ചതിന്റെ അടിസ്ഥാനത്തിലുള്ള വോട്ടർപട്ടികയാണ് പ്രസിദ്ധീകരിക്കുന്നതെന്ന് ഇലക്ഷൻ കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു.
1034 തദ്ദേശസ്ഥാപനങ്ങളുടെ 20998 വാർഡുകളിലായി 1,26,32,186പുരുഷന്മാരും 1,40,45,837സ്ത്രീകളും 233 ട്രാൻസ്‌ജെൻഡറും ഉൾപ്പെടെ 2,66,78,256 വോട്ടർമാരാണുള്ളത്.എന്നാൽ 2023ഒക്ടോബറിലെ കരടിൽ 2,76,70,536 വോട്ടർമാരാണുണ്ടായിരുന്നത്. അതിൽ നിന്ന് 8,76,879 പേരെ ഒഴിവാക്കിയും 57,640പേരെ ഉൾപ്പെടുത്തിയുമുള്ളതാണ് പുതിയ വോട്ടർപട്ടിക.
ഇതിൻമേലുള്ളപരാതികളും പേര് ഉൾപ്പെടുത്താനും ഒഴിവാക്കാനും വാർഡ് മാറ്റാനുമുള്ള അപേക്ഷകളും ഇന്നുമുതൽ ആഗസ്റ്റ് 7വരെ സമർപ്പിക്കാം. ഈ വർഷം ജനുവരി ഒന്നിന് 18വയസ് പൂർത്തിയായവർക്ക് മാത്രമാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അപേക്ഷ നൽകാവുന്നത്. പരാതികളും അപേക്ഷകളും ഉൾപ്പെടുത്തി പരിഷ്ക്കരിച്ച അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും.വോട്ടർപട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്,താലൂക്ക് ഓഫീസുകളിലും sec.kerala.gov.inലും പരിശോധിക്കാം.പേര് ചേർക്കാൻ ഫോറം 4ലും തിരുത്താൻ ഫോറം 6ലുംവാർഡുമാറ്റുന്നതിന് ഫോറം 7ലും അപേക്ഷ sec.kerala.gov.inൽ നൽകണം.ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡിഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |