പാലോട്: രണ്ട് കോടി രൂപ ചെലവിട്ട് നിർമ്മിച്ച പെരിങ്ങമ്മല ചന്തയുടെ ശിലാഫലകങ്ങൾ അടിച്ചുപൊട്ടിച്ച നിലയിൽ. ചന്തയുടെ നിർമ്മാണോദ്ഘാടന വേളയിൽ സ്ഥാപിച്ചിരുന്ന മൂന്ന് ഫലകങ്ങളാണ് ഞായറാഴ്ച രാത്രിയോടെ സാമൂഹ്യവിരുദ്ധർ തകർത്തത്. ചന്തയുടെ പ്രവർത്തനോദ്ഘാടനം നടക്കാനിരിക്കെയാണ് സംഭവം.
ഒരു വർഷം മുൻപ് പണി പൂർത്തിയാക്കിയ ചന്തയുടെ ഉദ്ഘാടനം നീണ്ടുപോകുന്നത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. കോൺഗ്രസ് ഭരണകക്ഷിയിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ഷിനു, കലയപുരം അൻസാരി, ഷഹനാസ് എന്നീ അംഗങ്ങൾ സി.പി.എമ്മിലേക്ക് കൂറുമാറിയതോടെയാണ് ചന്തയുടെ ഉദ്ഘാടനം നീണ്ടുപോയത്. നേരത്തേയുണ്ടായിരുന്ന ഭരണസമിതിയിലെ വികസനകാര്യ സമിതി അദ്ധ്യക്ഷനും ചന്ത ഉൾപ്പെടുന്ന വാർഡിന്റെ ജനപ്രതിനിധിയുമായ ഷാൻതടത്തിൽ മുൻകൈയെടുത്താണ് മൂന്ന് ഘട്ടങ്ങളിലായി ചന്തയുടെ വികസനം സാദ്ധ്യമാക്കിയത്.
സ്ഥലം എം.എൽ.എ ഡി.കെ.മുരളിയെ കൊണ്ട് ഉദ്ഘാടനം നടത്താൻ പലവട്ടം തീരുമാനിച്ചെങ്കിലും പുതിയ ഭരണസമിതി അതിന് തയാറായില്ല. ഇവർ മുൻകൈയെടുത്താണ് ഒടുവിൽ മന്ത്രിയെ കൊണ്ടുവരാൻ തീരുമാനിച്ചത്. ചുവരിലുണ്ടായിരുന്ന രണ്ട് ഫലകങ്ങൾ അടിച്ചുപൊട്ടിച്ച് സമീപത്തെ തോട്ടിൽ തള്ളി. പ്രധാന കവാടത്തിലുണ്ടായിരുന്ന ഫലകത്തിലെ ഷാൻ എന്ന പേര് മാത്രം ചുറ്റിക കൊണ്ട് തല്ലിത്തകർത്തിട്ടുണ്ട്.
ഫലകത്തിലെ പേരുമാറ്റൽ,
കേസ് കോടതിയിൽ
കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കെയാണ് ഫലകം നശിപ്പിച്ചത്. ഉദ്ഘാടനത്തിന് മുൻപ് ശിലാഫലകത്തിലെ ഷാൻ തടത്തലിന്റെ പേര് മാറ്റണമെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തപ്പോൾ കോൺഗ്രസ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി സ്‌റ്റേ ഓർഡറും നൽകി. 2020-23 ലെ ഷാൻ തടത്തിലിന്റെ വാർഷിക ഫണ്ടും ത്രിതല പഞ്ചായത്തുകൾ നൽകിയ ഫണ്ട്, മത്സ്യഫെഡ് നൽകിയ ഫണ്ട് എന്നിവയാണ് മാർക്കറ്റ് നിർമ്മാണത്തിന് ചെലവഴിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |