കോന്നി : പതിവ് നടത്തത്തിനിടെ ഇക്കോ ടൂറിസം സെന്ററിലെ കൊമ്പൻ കൃഷ്ണ ഇടഞ്ഞു. ഇന്നലെ രാവിലെ 8.30ന് വ്യായാമത്തിന്റെ ഭാഗമായ നടത്തത്തിനിടെയാണ് മദപ്പാടിനെ തുടർന്ന് 20 വയസുള്ള കൊമ്പൻ ഇടഞ്ഞത്. രാവിലെ ഇക്കോ ടൂറിസം സെന്ററിനുള്ളിൽ അഞ്ചുതവണ നടന്നതിനുശേഷം ആനത്തറയിലേക്ക് കൊണ്ടുപോകുന്നതിനിടെ കൊമ്പൻ പിണങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മീന എന്ന ആനയെ കുത്താനും പാപ്പാൻ അജീഷിനെ ആക്രമിക്കുവാനും കൊമ്പൻ ശ്രമിച്ചു. തുടർന്ന് മറ്റൊരു പാപ്പാനും ജീവനക്കാരും ചേർന്ന് കാർ പാർക്കിംഗ് ഗ്രൗണ്ടിൽ വടം ഉപയോഗിച്ച് കെട്ടുകയായിരുന്നു. പിന്നീട് ആനത്തറയിലേക്ക് കൊണ്ടുപോയി.
2014 ൽ നെടുമങ്ങാട് ആദിവാസി സെറ്റിൽമെന്റ് കോളനിയിൽ നിന്നാണ് കൃഷ്ണയെ പിടികൂടുന്നത്. രണ്ട് കാട്ടാനകൾ കോളനിയിലെത്തി ജനത്തിനു ഭീഷണി സൃഷ്ടിച്ചിരുന്നു. അവശത കാണിച്ച പിടിയാനയെ പ്രാഥമിക ചികിത്സ നൽകി വനപാലകർ തിരികെ കാടുകയറ്റി. അന്ന് പിടികൂടിയ കുട്ടിക്കൊമ്പനെ കോന്നിയിൽ എത്തിക്കുകയായിരുന്നു. അന്നത്തെ കൊല്ലം സതേൺ സർക്കിൾ ചീഫ് കൺസർവേറ്റർ പി.പുകഴേന്തിയാണ് കൃഷ്ണയെന്നു പേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |