കോഴിക്കോട് : മികച്ച വിറ്റുവരവോടെ ജില്ലയിൽ മുന്നേറ്റ ഗാഥ കുറിക്കുകയാണ് കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി. ജില്ലയിലെ 56 കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്ന 130ലേറെ ഉത്പന്നങ്ങൾ വീടുകൾ തോറും സ്ഥിരം വിപണി കണ്ടെത്തിയാണ് വിജയപാത വെട്ടിയിരിക്കുന്നത്. ഉത്പാദനരംഗത്തും വിപണന രംഗത്തുമായി 1500 ലധികം വനിതകൾ ഹോം ഷോപ്പ് പദ്ധതിയിൽ തൊഴിലെടുക്കുന്നുണ്ട്. വീട്ടിലിരുന്ന് സൗകര്യപൂർവം ചെയ്യാൻ കഴിയുമെന്നതിനാൽ വീട്ടമ്മമാരടക്കം ഏറെ ഉത്സാഹത്തിലാണ്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 974 ഹോംഷോപ്പ് ഉടമകളാണുള്ളത്.
ഹോംഷോപ്പ്
2010ൽ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് ആദ്യം ഹോംഷോപ്പ് പദ്ധതി തുടങ്ങുന്നത്. കോ ഓർഡിനേറ്റർ പ്രസാദ് കൈതക്കലിന്റെ നേതൃത്വത്തിൽ അഞ്ചംഗ മാനേജ്മെന്റ് ടീം രൂപീകരിച്ചായിരുന്നു പ്രവർത്തനം. നിലവിൽ ചെറുതും വലുതുമായി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ഹോംഷോപ്പ് പദ്ധതി വളർന്നു. നോർവേ ഓസ്ലെ സർവകലാശാലയിൽ നിന്നുള്ള പഠന സംഘം, ന്യൂയോർക്കിലെ സർവകലാശാല വിദ്യാർത്ഥികൾ, പാറ്റ്നയിലെ ഡെവലപ്മെന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ (ഡിഎംഐ) ഉദ്യോഗസ്ഥർ, മദ്ധ്യപ്രദേശ് ഭാരത് ഗ്യാൻ വിജ്ഞാൻ സമിതി പ്രവർത്തകർ, പൂനെ പഠനസംഘം, ഗുഡല്ലുർ ജസ്റ്റ് ചെയ്ഞ്ച് പ്രവർത്തകർ തുടങ്ങി നിരവധി പഠനസംഘങ്ങൾ ഹോംഷോപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ പഠിക്കാനുമെത്തിയിരുന്നു. സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ് ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഹോംഷോപ്പ് പദ്ധതിയെ തേടിയെത്തി.
കെെത്താങ്ങാകാൻ സാമൂഹ്യക്ഷേമ പദ്ധതികൾ
ഹോംഷോപ്പ് ഓണർമാർക്കായി സാമൂഹ്യ ക്ഷേമപദ്ധതികളും ജീവിതസുരക്ഷാ പദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്. 'ശ്രീനിധി' എന്ന പേരിൽ ഹോംഷോപ്പ് ഓണർമാർക്ക് ഒരു സമ്പാദ്യപദ്ധതിയും ഇവരുടെ കുട്ടികൾക്കായി വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയും നടത്തുന്നുണ്ട്. ഹോംഷോപ്പ് ഓണർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായുള്ള ആരോഗ്യസുരക്ഷാ പദ്ധതിയുമുണ്ട്. ജില്ലയിലെ 12 ബ്ലോക്കുകളിലുമായി എല്ലാ മാസവും റിവ്യൂമീറ്റിങ്ങുകൾ നടത്താറുണ്ട്. സിഡിഎസ് ചെയർപേഴ്സൺമാർ, കുടുംബശ്രീയുടെ ബ്ലോക്ക് കോ- ഓർഡിനേറ്റർമാർ, ജില്ലാമിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ മീറ്റിങ്ങിൽ പങ്കെടുക്കുകയും ഒരു മാസക്കാലത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്യും. തുടർന്ന് മികച്ച രീതിയിൽ പ്രവർത്തിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നുമുണ്ട്.
'' നിരവധി കുടുംബങ്ങൾക്ക് വരുമാന മാർഗമാണ് കുടുംബശ്രീയുടെ ഹോം ഷോപ്പ്. പ്രാദേശികമായി നിർമ്മിക്കുന്ന കുടുംബശ്രീ ഉത്പന്നങ്ങൾക്ക് സ്ഥിരം വിപണന സംവിധാനം സാദ്ധ്യമാണോ എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ഹോംഷോപ്പ് പദ്ധതിയുടെ വിറ്റുവരവ്.
- പ്രസാദ് കൈതക്കൽ, കുടുംബശ്രീ ഹോം ഷോപ്പ് ജില്ലാ കോ ഓർഡിനേറ്റർ
ജില്ലയിൽ 924 ഹോം ഷോപ്പുകൾ
56 യൂണിറ്റുകളിലായി 130 ഉത്പന്നങ്ങൾ
1500 വനിതകൾക്ക് സ്ഥിരം തൊഴിൽ
നാലുമാസം മൂന്നുകോടി
കോഴിക്കോട് : കഴിഞ്ഞ നാല് മാസത്തിനിടെ (മാർച്ച് - ജൂൺ) മൂന്നു കോടിയോളം രൂപയുടെ വിറ്റുവരവുണ്ടായി. ജൂണിൽ 70 ലക്ഷം രൂപയാണ് സമ്പാദിക്കാനായത്. ഉത്സവ സീസണിൽ ഒരു കോടി രൂപയുടെ വിറ്റുവരവാണ് ഹോംഷോപ്പിംഗിലൂടെ കുടുംബശ്രീ നേടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |