കൊച്ചി: ഇടപ്പള്ളി സൗത്ത് കീർത്തിനഗറിലെ പെരുമ്പോട്ട ജംഗ്ഷനിൽ ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയതിന് പിന്നാലെ, സ്ഥലം വിടാൻ ശ്രമിച്ച യുവാക്കളെ തടഞ്ഞ നാട്ടുകാർക്കെതിരെ അക്രമാസക്തരായ മൂന്ന് പേരെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് മയക്കുമരുന്ന് ഗുളികകളും കഞ്ചാവും കണ്ടെടുത്തു. കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൃശൂർ കൊടുങ്ങല്ലൂർ ശാന്തിപുരം മണപ്പള്ളി വീട്ടിൽ രതീഷ് (34), എറണാകുളം ചെറായി പള്ളിപ്പുറം മൂലയിൽ വീട്ടിൽ എം.എസ്. ജിതിൻ (30), എറണാകുളം കോതാട് കോരമ്പാടം മുക്കണ്ണി വീട്ടിൽ വിനായക് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 20 നൈട്രോസൈപാം ഗുളികളും 0.84 ഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1:45ഓടെയാണ് സംഭവം. ലഹരിയുടെ ഉന്മാദത്തിലായിരുന്ന പ്രതികൾ കാറുമായി കടന്നുകളയാൻ ശ്രമിച്ചെങ്കിലും, ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ തടയുകയായിരുന്നു. ഇതോടെ മൂവരും കാറിൽ നിന്നിറങ്ങി നാട്ടുകാർക്ക് നേരെ ബഹളം വച്ച് ആക്രമിക്കാൻ ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ എളമക്കര പൊലീസ് യുവാക്കളെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ലഹരി ഇടപാടിലൂടെ സൗഹൃദം
സ്റ്റേഷനിലെ പരിശോധനയിലാണ് കഞ്ചാവും ലഹരിഗുളികകളും കണ്ടെത്തിയത്. രതീഷ് കൊടുങ്ങല്ലൂരിലും മറ്റും മോഷണക്കേസുകളിലും ലഹരിക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ലഹരി ഇടപാടുകളിലൂടെയാണ് ഇവർ മൂവരും സൗഹൃദത്തിലായതെന്നാണ് കരുതുന്നത്. കാറിൽ നിന്ന് ലഹരി ഉപയോഗിക്കുന്നതിനുള്ള വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. 3000 രൂപ നൽകിയാണ് ഇവ വാങ്ങിയതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ലഹരിഗുളികയും കഞ്ചാവും ഇവർക്ക് കൈമാറിയവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇവരെ വൈകാതെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ലഹരിവേട്ട ശക്തമാക്കിയതോടെ എളമക്കര കേന്ദ്രീകരിച്ചുള്ള ഇടപാടുകാർ മറ്റ് മേഖലകളിലേക്ക് തട്ടകം മാറ്റിയിട്ടുണ്ടെന്നും അടുത്തിടെ നിരവധി ലഹരിക്കേസുകളാണ് എളമക്കര പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |