കിളിമാനൂർ: വന്യജീവിശല്യം, കാലാവസ്ഥ വ്യതിയാനം എന്നിവയ്ക്ക് പുറമെ രാസവളത്തിന് അടിക്കടി വില കൂടുന്നതും ലഭ്യത കുറയുന്നതും കർഷകർക്ക് ഇരുട്ടടിയാവുന്നു. ഫാക്ടംഫോസ്,യൂറിയ,പൊട്ടാഷ്,ഡൈഅമോണിയം ഫോസ്ഫേറ്റ് വളങ്ങൾ കിട്ടാനില്ലെന്നാണ് പരാതി. കർഷകർ ഏറ്റവുമധികം ഉപയോഗിക്കുന്ന സമ്മിശ്രവളമായ ഫാക്ടംഫോസിന്റെ ക്ഷാമമാണ് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഒരു ചാക്കിന് 1400 രൂപയാണ്.
1500 രൂപയായിരുന്ന പൊട്ടാഷിന് 300 രൂപ വർദ്ധിച്ച് 1800 ആയി. 18,9,18 മിശ്രിത വളത്തിന് 1310 രൂപയായി. മറ്റ് വളങ്ങൾക്ക് 100,90 രൂപയുടെ വർദ്ധനയാണുണ്ടായത്. യൂറിയ കിലോ 266 രൂപയാണ്. ജൂലായിൽ റബർ, വാഴ, കപ്പ, തെങ്ങ്, പച്ചക്കറിക്കൃഷി തുടങ്ങിയവയ്ക്ക് വളം ഇടേണ്ട കർഷകരെയാണ് വില വർദ്ധനവ് പ്രതികൂലമായി ബാധിക്കുന്നത്.
70 ശതമാനം സബ്‌സിഡി വളങ്ങളും വിൽക്കുന്നത് സഹകരണ ബാങ്കുകളുടെ വളം ഡിപ്പോകളിലൂടെയാണ്. സ്വകാര്യ സ്ഥാപനങ്ങളിലും സബ്‌സിഡി വളങ്ങൾ ലഭ്യമാണ്. ഇങ്ങനെ രാസവളങ്ങൾക്കും കൂടി വില വർദ്ധിച്ചാൽ അവശേഷിക്കുന്ന കൃഷികൂടി ഇല്ലാതാകുമെന്നും ഭൂമി തരിശിടുകയേ നിവൃത്തിയുള്ളൂവെന്നും കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |