കോഴഞ്ചേരി: ആറന്മുള വള്ളസദ്യ വാണിജ്യ വത്കരിക്കാൻ ദേവസ്വം ബോർഡ് നീക്കം നടത്തുന്നതിനെതിരെ പള്ളിയോട സേവാ സംഘത്തിന്റെ പ്രതിഷേധം . ആറന്മുള പാർത്ഥ സാരഥിയുടെ പ്രധാന അന്നദാന വഴിപാടായ വള്ളസദ്യ വാണിജ്യവത്കരിക്കാനുള്ള നീക്കം അപലപനീയമാണെന്നും പള്ളിയോട സേവാസംഘം സഹകരിക്കില്ലെന്നും പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി സാംബദേവനും സെക്രട്ടറി പ്രസാദ് ആനന്ദഭവനും അറിയിച്ചു. അഭീഷ്ടകാര്യ സിദ്ധിക്കും സന്താന ലബ്ദ്ധിക്കും സർപ്പദോഷം മാറാനുമായി ഭക്തജനങ്ങൾ തിരുവാറന്മുളയപ്പന് സമർപ്പിക്കുന്ന സവിശേഷമായ അന്നദാന വഴിപാടാണ് വള്ളസദ്യ . ഭക്തർ നേരിട്ട് പള്ളിയോട കരകളുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങി വഴിപാടുകാരന്റെ വസതിയിലോ സൗകര്യപ്രദമായി കരയിലെ ക്ഷേത്രങ്ങളിലോ നടത്തിവന്നിരുന്ന വഴിപാടായിരുന്നു ഇത് . പിൽക്കാലത്ത് പള്ളിയോടക്കരകളുടെ കൂട്ടായ്മയിൽ പള്ളിയോട സേവാസംഘം രൂപീകരിച്ചതോടെ വള്ളസദ്യയുടെ നടത്തിപ്പ് പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിലായി. ഇതിനെ തുടർന്നാണ് ആറന്മുള ക്ഷേത്രത്തിൽ സ്ഥിരം വള്ളസദ്യ നടക്കുന്ന സാഹചര്യമുണ്ടായത്. ഈ സാഹചര്യം മുതലെടുത്താണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് വള്ളസദ്യ പാസ് ബുക്കിംഗ് നടത്തി എല്ലാ ഞായറാഴ്ചയും പള്ളിയോടങ്ങളുടെ പങ്കാളിത്തമില്ലാതെ വള്ളസദ്യ നടത്തുമെന്ന് തീരുമാനിച്ചത്. പള്ളിയോട സേവാസംഘവുമായി സഹകരിച്ച് നടപ്പിലാക്കുമെന്നാണ് അറിയിപ്പിൽ പറയുന്നതെങ്കിലും ദേവസ്വം ബോർഡുമായി സഹകരിക്കില്ല. ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായ തീരുമാനമാണ് ദേവസ്വം ബോർഡിന്റേത്. ജൂലായ് 3 മുതൽ ഒക്ടോബർ 2 വരെ പള്ളിയോട സേവാ സംഘം വഴി പള്ളിയോടങ്ങൾക്ക് ബുക്ക് ചെയ്ത വള്ളസദ്യവഴിപാടുകൾ ആചാര നിബദ്ധമായി നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |