പാലക്കാട്: വിമുക്തി മിഷനിലൂടെ 2018 മുതൽ ജില്ലയിലെ 1358 പേർ ലഹരിമുക്തരായതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ അറിയിച്ചു. അട്ടപ്പാടി കോട്ടത്തറയിലുളള ഡി അഡിക്ഷൻ സെന്ററിലെ ചികിത്സയിലൂടെയാണ് 1358 പേർ ലഹരി മുക്തരായത്. നിരവധിപേർക്ക് കൗൺസിലിംഗ് നൽകാനും സാധിച്ചു. ലഹരി മുക്തിക്കായി പ്രവേശിപ്പിക്കപ്പെടുന്ന വ്യക്തിക്കും കൂട്ടിരിപ്പുകാർക്കും കോട്ടത്തറയിലുളള ഡി അഡിക്ഷൻ സെന്ററിൽ താമസവും ചികിത്സയും പൂർണ്ണമായും സൗജന്യമാണ്. 21 ദിവസമാണ് ചികിത്സാ കാലഘട്ടമെങ്കിലും സാഹചര്യമനുസരിച്ച് കാലയളവ് വ്യത്യസ്തമാകാം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും, ജില്ലാ കളക്ടർ കൺവീനറും, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷ്ണർ വൈസ് ചെയർമാനുമായ സമിതിയാണ് വിമുക്തി മിഷന്റെ പ്രവർത്തനങ്ങൾ ജില്ലയിൽ നിയന്ത്രിക്കുന്നത്.
വാർഡ് തലം വരെ സമിതിയുടെ പ്രവർത്തനങ്ങൾ ജില്ലയിൽ കാര്യക്ഷമമായി നടന്നു വരുന്നു. 2024 - 25 ൽ മാത്രം 13,394 റെയ്ഡുകൾ ജില്ലയിൽ നടത്തി. ഇതിൽ 1800 അബ്കാരി കേസുകൾ, 525 എൻ.ഡി.പി.എസ് (നാർകോട്ടിക് ആൻഡ് സൈകോട്രോപിക് സബ്സറ്റൻസ്), 6998 കോട്പ (സിഗററ്റ് ആൻഡ് അദർ ടുബാകോ പ്രൊഡക്ട് ആക്ട് 2003) കേസുകളും രജിസ്റ്റർ ചെയ്തു. കായിക പ്രവൃത്തികളിലേക്ക് കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത്തരം കഴിവുകളെ വളർത്തിയെടുക്കാനും 'ഉണർവ് ലഹരിക്കെതിരെ കായിക ലഹരി' എന്ന പദ്ധതി നടപ്പിലാക്കിവരുന്നു. പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പട്ടഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് കായിക ഉപകരണങ്ങൾ വാങ്ങി നൽകി. അഗളി ജി വി എച്ച് എസ് എസ് സ്‌കൂളിൽ കായിക ഉപകരണങ്ങൾക്കും ഫുട്‌ബോൾവോളിബോൾ കോർട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കും ധനസഹായം നൽകി. അഞ്ച് ലക്ഷം രൂപ വീതമാണ് രണ്ട് സ്‌കൂളുകൾക്കും നൽകിയത്. രണ്ട് വർഷങ്ങളിലായി ഓരോ വർഷവും വിവിധ എക്‌സൈസ് റെയ്ഞ്ച് പരിധികളിൽ നിന്ന് മൂന്ന് സ്‌കൂൾക്ക് വീതം 78 സ്‌കൂളുകളിൽ പതിനായിരം രൂപ ചെലവിൽ ജേഴ്സിയും കായിക ഉപകരണങ്ങളും വാങ്ങി നൽകി. തുടർന്ന് ഗുണഭോക്താക്കളായ വിദ്യാർത്ഥികളെ / ടീമുകളെ പങ്കെടുപ്പിച്ച് ടൂർണമെന്റുകളും സംഘടിക്കുന്നു. പദ്ധതിയുടെ ഭാഗമായി 2025 26 അധ്യയന വർഷത്തിൽ ജില്ലയിലെ തിരഞ്ഞെടുത്ത മൂന്ന് സ്‌കൂളുകളിൽ 2.50 ലക്ഷം രൂപ വീതം വില വരുന്ന കായിക ഉപകരണങ്ങൾ വിതരണം ചെയ്യും.
പരാതികൾ അറിയിക്കാം
സ്‌കൂളുകളിലും പരിസരങ്ങളിലും ലഹരി ഉപയോഗമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർക്ക് 'നേർവഴി' ടോൾ ഫ്രീ നമ്പറായ 9656178000 ൽ അറിയിക്കാം. പൊതുജനങ്ങൾക്ക് ലഹരി സംബന്ധമായ പരാതികൾ 9447178000 എന്ന നമ്പറിലും അറിയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |