കൊച്ചി: ശബരിമല ദർശനത്തിനെത്തിയ എ.ഡി.ജി.പി എം.ആർ.അജിത്‌കുമാർ, സ്വാമി അയ്യപ്പൻ റോഡിലൂടെ ട്രാക്ടർ യാത്ര നടത്തിയത് ഏറെ ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി. സുരക്ഷ കണക്കിലെടുത്ത് ശബരിമലയിൽ ട്രാക്ടറുകളിൽ ആളെ കയറ്റുന്നത് നേരത്തെ വിലക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്ഥിതിയാണുണ്ടായതെന്നും കോടതി പരാമർശിച്ചു. സംഭവത്തിൽ ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും എസ്.മുരളീകൃഷ്ണയും ഉൾപ്പെട്ട ദേവസ്വംബെഞ്ച് ശബരിമല ചീഫ് പൊലീസ് കോ- ഓർഡിനേറ്ററുടെ വിശദീകരണം തേടി. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കഴിഞ്ഞ 12, 13 തീയതികളിലാണ് എ.ഡി.ജി.പി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും പൊലീസിന്റെ ട്രാക്ടറിൽ യാത്രചെയ്തത്. ഇതു നിയമലംഘനമാണെന്ന ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹർജി പരിഗണിച്ചത്. എ.ഡി.ജി.പിയിൽ നിന്ന് സംസ്ഥാന പൊലീസ് മേധാവി വിശദീകരണം തേടിയിട്ടുണ്ടെന്നും ട്രാക്ടർ ഡ്രൈവർക്കെതിരെ പമ്പ സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഡ്രൈവറാണോ യാത്രക്കാരനാണോ ഇതിൽ കുറ്റക്കാരനാവുകയെന്ന് കോടതി ചോദിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കായി സന്നിധാനത്ത് ആംബുലൻസ് ലഭ്യമാണല്ലോയെന്നും പറഞ്ഞു.
എ.ഡി.ജി.പിയെ ട്രാക്ടറിൽ
കയറ്റിയത് എസ്.പി
പറഞ്ഞിട്ടെന്ന്ഡ്രൈവർ
ശബരിമല: ശബരിമലയിൽ ദർശനത്തിനെത്തിയ എ.ഡി.ജി.പി. എം.ആർ.അജിത് കുമാറിനെ ട്രാക്ടറിൽ കയറ്റിയത് പത്തനംതിട്ട എസ്.പി വി.ജി. വിനോദ് കുമാറിന്റെ നിർദ്ദേശത്തെ തുടർന്നാണെന്ന് സിവിൽ പൊലീസ് ഓഫീസറും ട്രാക്ടർ ഡ്രൈവറുമായ വിവേക് പമ്പാ പൊലീസിൽ മൊഴി നൽകി.
പൊലീസിന്റെ സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ട്രാക്ടറിലാണ് എ.ഡി.ജി.പി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും യാത്ര ചെയ്തത്. പൊലീസ് ഡ്രൈവർവിവേകാണ് ട്രാക്ടർ ഓടിച്ചത്. 12ന് രാത്രി 9.05ന് സ്വാമി അയ്യപ്പൻ റോഡിലെ സി.സി ക്യാമറാ നിരീക്ഷണമില്ലാത്ത ചെളിക്കുഴി ഭാഗത്തു വച്ചാണ് എ.ഡി.ജി.പിയും പി.എസ്.ഒയും ട്രാക്ടറിൽ കയറിയത്. സംഭവം വിവാദമായതോടെ ഡ്രൈവർക്കെതിരെ പമ്പാ പൊലീസ് കേസെടുത്തിരുന്നു.
സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് 2011ൽ ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചാണ് എ.ഡി.ജി.പിയും പി.എസ്.ഒയും യാത്ര ചെയ്തത്. ഇത് സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |